പന്നിശല്യം: കാർഷിക മേഖല പ്രതിസന്ധിയിൽ
1337604
Friday, September 22, 2023 11:19 PM IST
കൊട്ടാരക്കര: അതിരൂക്ഷമായ കാട്ടുപന്നിശല്യം ഗ്രാമീണ മേഖലയിലെ കാർഷിക മേഖല പ്രതിസന്ധിയിൽ. കൊട്ടാരക്കര താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ സാധാരണ കർഷകരുടെ കാർഷിക വിളകളെല്ലാം കൂട്ടത്തോടെ നശിപ്പിക്കപ്പെടുകയാണ്. പലിശക്കും വായ്പപയെടുത്തും കൃഷിയിറക്കിയ കർഷകൾ ഇപ്പോൾ കടക്കെണിയിലും ദുരിതത്തിലുമാണ്.
കാടിറങ്ങിയെത്തിയ പന്നികൾ രാത്രി കാലങ്ങളിൽ കൂട്ടത്തോടെയെത്തിയാണ് വിളകൾ നശിപ്പിക്കുന്നത്. എലാകളിലെ മരച്ചീനി തോട്ടങ്ങളെല്ലാം കുത്തി മറിച്ചു കളഞ്ഞിരിക്കുകയാണ്. വാഴതോട്ടങ്ങൾ അടിവേരോടെയാണ് നശിപ്പിക്കുന്നത്. പച്ചക്കറി കൃഷികളെല്ലാം നാമാവശേഷമായിട്ടുണ്ട്. മുന്നോട്ടു പോകാൻ നിർവാഹമില്ലാത്ത അവസ്ഥയിലാണ് ഭൂരിപക്ഷം കർഷകരും.
കനാൽ പ്രദേശങ്ങളിലെ കാടുകളിലും ഉയർന്ന പ്രദേശങ്ങളിലെ മലയിടുക്കുകളിലുമാണ് പകൽ സമയങ്ങളിൽ ഇവ തമ്പടിക്കുന്നത്. ഓരോ ദിവസവും പെറ്റുപെരുകി വരുന്നു. രാത്രി കാലത്ത് കൂട്ടത്തോടെയിറങ്ങിയാണ് ആക്രമണം. തടയാനോ പ്രതികരിക്കാനോ ചെന്നാൽ കൂട്ടമായി ആക്രമിക്കുകയും ചെയ്യും. ലക്ഷങ്ങളുടെ നഷ്ടമാണ് ഇപ്പോൾ കാർഷിക മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരാതികൾ പറഞ്ഞിട്ടും പഞ്ചായത്ത് കാർഷിക വകുപ്പുകൾ തിരിഞ്ഞു പോലും നോക്കിയിട്ടില്ല.
പന്നികളെ കൂടാതെ കുരങ്ങുകളും മുള്ളൻപന്നി യുമെല്ലാം നാട്ടിൻ പുറങ്ങളിൽ പെരുകി വരുന്നു. കുരങ്ങുകൾ തെങ്ങുകൾ നശിപ്പിക്കുകയും തേങ്ങ അടർത്തി ഭക്ഷിക്കുകയും ചെയ്യുന്നു. ഉടമയ്ക്ക് തെങ്ങിൽ നിന്നും ഒന്നും ലഭിക്കാത്ത സ്ഥിതി. ശല്യക്കാരായ പന്നികളെ വെടിവെച്ചു കൊല്ലാൻ ഉത്തരവുണ്ട്. പഞ്ചായത്തുകൾക്കാണ് ഈ അധികാരം.
കാർഷിക വിളകൾ നശിച്ചതിനെ തുടർന്ന് ഈ ആവശ്യവുമായി കർഷകർ പഞ്ചായത്തുകളെ സമീപിച്ചപ്പോൾ ലൈസൻസുള്ള വെടിവെപ്പുകാരനെ കണ്ടെത്തി കൊണ്ടുവരണമെന്നാണ് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടത്. കർഷകരെ സംരക്ഷിക്കേണ്ടുന്ന ബാധ്യതയിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് പ്രാദേശിക ഭരണകൂടങ്ങളും കൃഷി വകുപ്പും.