സംരക്ഷണമില്ല; പടിഞ്ഞാറേകല്ലടയിലെ താമരപ്പാടം നാശത്തിലേക്ക്
1337352
Friday, September 22, 2023 12:58 AM IST
ശാസ്താംകോട്ട: കാഴ്ചക്കാരുടെ കണ്ണിനും മനസിനും കുളിർമ നൽകിയ പടിഞ്ഞാറേ കല്ലടയിലെ താമരപാടം നാമാവശേഷമായി. സമീപത്തെ എം സാന്റ് നിർമാണ കമ്പനിയിൽ നിന്ന് മലിനജലം താമര പാടത്തേക്ക് ഒഴുകിയെത്തിയതാണ് ഇത് നശിക്കാൻ കാരണമെന്നാണ് സമീപ വാസികൾ പറയുന്നത്.
പടിഞ്ഞാറേകല്ലട മുണ്ടകൻ പാടത്താണ് രണ്ട് വർഷം മുമ്പ് അഭൂതപൂർവമായ രീതിയിൽ വെള്ളതാമര വിരിഞ്ഞത്. ഏക്കറ് കണക്കിന് സ്ഥലത്ത് വിരിഞ്ഞു നിന്ന താമരയെകുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് ആദ്യം വാർത്ത പ്രചരിച്ചത്.
പത്ര ദൃശ്യ മാധ്യമങ്ങൾ കൂടി ഇത് ഏറ്റെടുത്തതോടെ താമരപാടം കാണാൻ ആളുകൾ ഒഴുകി എത്തി. വിദൂര ദേശങ്ങളിൽ നിന്നു പോലും ആളുകൾ എത്തി. സെൽഫികൾ എടുത്തും ഫോട്ടോ ഷൂട്ട് നടത്തിയും അവർ ആഘോഷമാക്കി. പിന്നീട് പതിയെ താമരകൾ മൺമറഞ്ഞു.
കഴിഞ്ഞ വർഷവും ഈ വർഷവും താമരകൾ പൂവിടുന്നത് കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. താമരകൾ പൂവിട്ടതേ ഇല്ല. ആദ്യമൊക്കെ ആർക്കും കാരണം മനസിലായില്ല. പിന്നീടാണ് താമര പാടത്തിന് സമീപത്തെ എം. സാന്റ് കമ്പനിയിൽ നിന്ന് എം. സാന്റ് കഴുകിയ വെള്ളം താമര പാടത്തേക്ക് ഒഴുകിയെത്തിയാണ് താമര നശിക്കാൻ കാരണമെന്ന് മനസിലായത്.
ഇപ്പോൾ പേരിന് പോലും ഇവിടെ താമര വിരിയാറില്ല. ഒരു വർഷം മുമ്പ് ഇതേ കമ്പനി കേന്ദ്രീകരിച്ച് ടാർ മിക്സിംഗ് യൂണിറ്റ് സ്ഥാപിക്കാൻ ശ്രമം നടത്തിയെങ്കിലും ജനകീയ പ്രക്ഷോപത്തെ തുടർന്ന് ഈ തീരുമാനം പിൻവലിച്ചു.
എങ്കിലും എം. സാന്റ് നിർമാണം നടന്നു വരികയാണ്. വിളന്തറ സ്വദേശികളായ നാല് ചെറുപ്പക്കാർ മറ്റൊരു സ്ഥലത്ത് നിന്നും ഇവിടെ കൊണ്ടിട്ടതായിരുന്നു താമരവിത്ത്.