ക്ഷേത്രത്തിൽ മോഷണം പ്രതികൾ പിടിയിൽ
1337345
Friday, September 22, 2023 12:58 AM IST
കുണ്ടറ: അമ്പിപ്പൊയ്ക അത്തിപ്പറമ്പിൽ ദുർഗാഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തിൽ (കളരി ക്ഷേത്രം)കഴിഞ്ഞദിവസം നടന്ന മോഷണ കേസിലെ പ്രതികൾ പോലീസ് പിടിയിലായി. കണ്ണൂർ സ്വദേശിയായ സലിം (46 ) ഭാര്യ ചിറയിൻകീഴ് മുതലപ്പൊഴി പെരുമാതുറ ഹസീന (43 )എന്നിവരാണ് കുണ്ടറ പോലീസിന്റെ പിടിയിലായത് .
സിസിടിവി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയമായ പരിശോധനയിലൂടെയും ആണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി കുണ്ടറ അമ്പിപൊയ്കയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വാടകയ്ക്ക് വീട് എടുത്ത് സമീപപ്രദേശങ്ങളിൽ മോഷണം നടത്തുന്നതാണ് ഇവരുടെ രീതി.
ദമ്പതികൾ ആയതിനാൽ മറ്റ് അയൽക്കാർക്ക് സംശയം തോന്നാത്തത് കൊണ്ടാണ് ഇവർ ഇത്തരത്തിൽ മോഷണം തുടർന്നത്.നിലവിൽ ഇവർ താമസിച്ചു വരുന്ന വാടക വീടിന് സമീപത്താണ് ഇവരുടെ മകൾ കുടുംബവുമായി താമസിക്കുന്നത്.
മുൻപ് മകളുടെ വീട്ടിൽ താമസിച്ചിരുന്ന സമയത്തും പരിസരപ്രദേശങ്ങളിൽ മോഷണം നടത്തിയിരുന്നതായി സംശയിക്കപ്പെടുന്നുണ്ട്. തൃശൂർ ജില്ലയിലെ ചാവക്കാട് സ്റ്റേഷനിലെ രണ്ടു മോഷണ കേസുകളിൽ പ്രതികളായി ഇരുവരും ജയിൽ ശിക്ഷ അനുഭവിച്ചവരാണ്.
ശാസ്താംകോട്ട ഡിവൈഎസ്പി എസ്. ഷെരീഫിന്റെ നിർദേശാനുസരണം കുണ്ടറ സ്റ്റേഷൻ ഹൗസ് ഓഫീസർ രതീഷിന്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ് ബി, അനീഷ് എ, എ എസ് ഐ മാരായ സുധീന്ദ്ര ബാബു, ഡെൽഫിൻ സിപിഒ മാരായ മെൽവിൻ, സുനിലാൽ, ദിനീഷ്, അരുൺ രാജ്, വിശാഖ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.