തൊഴിലുറപ്പ് തൊഴിലാളികൾ മേയറെ ഉപരോധിച്ചു
1337344
Friday, September 22, 2023 12:58 AM IST
കൊല്ലം: വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷൻ ഓഫീസിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞുവച്ചു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്.
അതേസമയം മേയർ ഷോ വേണ്ടെന്ന് പറഞ്ഞത് തൊഴിലാളികളെ പ്രകോപിതരാക്കി. മേയറുടെ ചേമ്പറിന് മുമ്പിൽ പ്രതിഷേധം നടക്കുന്നതിനിടെ മേയർ പിൻവാതിലിലൂടെ മുങ്ങിയെന്നും തൊഴിലാളികൾ പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളെ പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ്ഐ യുടെ നേതൃത്വത്തിൽ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.
എന്നാൽ സർക്കാർ നൽകാനുള്ള പണം ലഭിക്കാനുള്ള താമസമാണ് വേതനം നൽകാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.
ബോണസും കുടിശികയും തനത് ഫണ്ടിൽ നിന്ന് നൽകാൻ ഓണത്തിന് മുമ്പ് കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും നടപടികളിൽ മെല്ലെപ്പോക്ക് നയം തുടരുകയായിരുന്നുവെന്ന് ആക്ഷേപം ഉണ്ട്.