പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ്: കാർഡിയോളജി വിഭാഗത്തിന് രണ്ട് വാർഡുകൾ തയാറാക്കുന്നു
1336576
Monday, September 18, 2023 11:43 PM IST
ചാത്തന്നൂർ: പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ കാർഡിയോളജി വിഭാഗത്തിനായി രണ്ട് വാർഡുകൾ സജ്ജീകരിക്കുന്നു. നിലവിൽ പൊതു വിഭാഗം രോഗികൾക്കായി പ്രവർത്തിക്കുന്ന ഒന്നും രണ്ടും വാർഡുകളാണ് കാർഡിയോളജി വിഭാഗത്തിനായി തയാറാക്കുന്നത്. നിലവിലുള്ള ഒന്നും രണ്ടും വാർഡുകൾ അഞ്ച്, ആറ് എന്നീ വാർഡുകളിലേയ്ക്ക് മാറ്റും. ഹൃദ്രോഗ രോഗികൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ലഭ്യമാക്കാനാണ് പ്രത്യേകമായി വാർഡുകൾ മാറ്റിവയ്ക്കുന്നത്.
ദേശീയ പാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന മെഡിക്കൽ കോളജിൽ റോഡപകടങ്ങളിൽപ്പെട്ടവരും മറ്റ് അത്യാഹിതങ്ങൾ സംഭവിച്ചും നിരവധി പേരാണ് ദിവസേന എത്തുന്നത്. എന്നാൽ മതിയായ ചികിത്സാ നല്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് റഫർ ചെയ്യുന്ന റഫറൽ ആശുപത്രിയായി ഇത് മാറിയിരിക്കയാണ്.
ട്രോമ കെയർ, സ്കാനിംഗ് എന്നിവയ്ക്കുള്ള സൗകര്യമില്ലായ്മയും ന്യൂറോ സർജന്റെ അഭാവവുമാണ് ഇതിന് കാരണം.
കോടികൾ ചെലവഴിച്ച് കെട്ടിടങ്ങളും മറ്റ്അടിസ്ഥാനസൗകര്യങ്ങളുമൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും മെഡിക്കൽ കോളജ് പ്രവർത്തനം പൂർണമാക്കാനുള്ള ശ്രമം സർക്കാർ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നാണ് ആക്ഷേപം. ജീവനക്കാരുടെ കുറവാണ് പ്രധാന കാരണം. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന ഹൗസ് സർജൻമാരാണ് ഇപ്പോൾ ആശുപത്രിപ്രവർത്തനം മുന്നോട്ടു കൊണ്ടു പോകുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കേന്ദ്ര സർക്കാർ, പ്രധാൻമന്ത്രി ആയുഷ്മാൻ ഭാരത് ഇൻഫ്രാസ്ട്രക്ചർ മിഷൻ മുഖേന നടപ്പാക്കുന്ന ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ പ്രവർത്തനം ആരംഭിച്ചാൽ ആശുപത്രിയുടെ സേവനം കുറച്ചു കൂടി മെച്ചപ്പെടുത്താനാവും.
ആധുനിക സൗകര്യങ്ങളോട് കൂടിയ രണ്ട് ഓപ്പറേഷൻ തീയേറ്റർ, അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെയുള്ള ലാബുകൾ, പ്രസവ - പ്രസവാനന്തര ശുശ്രൂഷകൾക്കായുള്ള രണ്ട് തീയേറ്ററുകൾ 24 മണിക്കൂറും വിദഗ്ധ ഡോക്ടർമാരുടെ സേവനം, കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകമായി ഐസിയു കിടക്കകൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ഐസോലേഷൻ വാർഡ് ഉൾപ്പെടെ മികച്ച നിലവാരത്തിൽ എത്തിക്കാൻ കഴിയും. ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.