ഫണ്ട് തട്ടിപ്പ്: ബി എഡ് കോളജ് പ്രിൻസിപ്പാൾ, അക്കൗണ്ടന്റ് എന്നിവർക്കെതിരെ കേസ്
1301768
Sunday, June 11, 2023 3:27 AM IST
കൊട്ടാരക്കര: ബിഎഡ് കോളേജിന്റെ വിവിധ ഇനങ്ങളിലുള്ള ഫണ്ടിൽ തിരിമറി നടത്തി ലക്ഷങ്ങൾ തട്ടിയ കോളജ് പ്രിൻസിപ്പാൾ, അക്കൗണ്ടന്റ് എന്നിവർക്കെതിരെ കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇരുവരും ഒളിവിലാണ്.
കൊട്ടാരക്കര ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബി എഡ് കോളേജ് പ്രിൻസിപ്പാൾ ജി റോയി, അക്കൗണ്ടന്റ് അനിൽ ഇ റ്റി സി എന്നിവർക്കെതിരെയാണ് കേസ്. കോളേജ് മാനേജർ ഫാ. ബേബി തോമസ് നൽകിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. മലങ്കര ഓർത്തഡോക്സ് സഭയുടേതാണ് ഈ കോളജ്. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിനോട് ചേർന്നാണ് ഈ സ്ഥാപനം.
എസ് സി -എസ് ടി വിദ്യാർഥികൾക്ക് പട്ടികജാതി വകുപ്പിൽ നിന്നും ലഭിക്കുന്ന ട്യൂഷൻ ഫീസ്, ജീവനക്കാരുടെ ഇ എസ് ഐ - പി എഫ് വിഹിതം, വിദ്യാർഥികളുടെ അഡ്മിഷൻ ഇനത്തിൽ ലഭിക്കുന്ന സംഭാവനകൾ എന്നിവയാണ് മാനേജ്മെന്റ് അറിയാതെ വർഷങ്ങളായി തട്ടിയെടുത്തു കൊണ്ടിരുന്നത്. ഇതിൽ പട്ടികജാതി ഫണ്ട് തട്ടിയെടുത്തതിനെതിരെയാണ് ഇപ്പോൾ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്. മറ്റു തട്ടിപ്പുകൾക്കെതിരെ ആഡിറ്റ് പൂർത്തിയാകുന്ന മുറയ്ക്ക് പരാതി നൽകുമെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു.
2010 - 11 വർഷത്തിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്കുള്ള ആനുകൂല്യത്തിൽ നിന്നും 1,47,0700 രൂപയും 2011 - 12 വർഷത്തിൽ 2,75,613 രൂപയും 2012-13 വർഷത്തിൽ 2,30,265 രൂപയും 2013 - 14 വർഷത്തിൽ 80,000 രൂപയും 2014-15 വർഷത്തിൽ 1,97,150 രൂപയും തട്ടിയെടുത്തതായാണ് ആഭ്യന്തര ആഡിറ്റിംഗിൽ കണ്ടെത്തിയിട്ടുള്ളത്.
അക്കൗണ്ടന്റ് അനിൽ ഇ റ്റി സിക്കെതിരെയാണ് പ്രധാന ആരോപണമുയർന്നിട്ടുള്ളത്. ഇയാൾ മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയംഗം കൂടിയാണ്. കൊട്ടാരക്കര എസ് ജി കോളേജിൽ നിന്നും വിരമിച്ച ഫാ. വർഗസായിരുന്നു ബി എഡ് കോളേജിന്റെ ആദ്യ പ്രിൻസിപ്പാൾ. ഇദ്ദേഹത്തിന്റെ പെൻഷൻ ആനുകൂല്യങ്ങളും മറ്റു തുകകളും ബാങ്കിൽ നിന്നും തട്ടിയെടുത്തിരുന്നതായും അനിൽ ഇ റ്റി സിക്കെതിരെ ആരോപണമുണ്ട്. ഫാ. വർഗീസിന്റെ മരണശേഷമാണ് ഈ വിവരങ്ങൾ പുറത്തു വന്നത്.തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായാണ് പോലീസ് നിഗമനം. ചിലർ നിരീക്ഷണത്തിലുമാണ്.