കേന്ദ്രമന്ത്രിമാർ ഇന്നു കൊല്ലത്ത്
1301763
Sunday, June 11, 2023 3:23 AM IST
കൊല്ലം: കേന്ദ്ര ഗവൺമെന്റിന്റെ സാഗർ പരിക്രമ പരിപാടിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പർഷോത്തം രുപാലയും കേന്ദ്ര ഫിഷറീസ്, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ എൽ മുരുകനും പങ്കെടുക്കും.
കേന്ദ്രമന്ത്രിമാർ ആലപ്പുഴയിലെ തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ ഇന്ന് ഉച്ച കഴിഞ്ഞ് 2.20 ന് സന്ദർശിക്കും. അതിന് ശേഷം 3.20 ന് കൊല്ലം അമൃതപുരി കാമ്പസ് സന്ദർശിക്കുകയും മത്സ്യത്തൊഴിലാളികളുമായി സംവദിക്കും ചെയ്യും
തുടർന്ന് നാളെ രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രിമാർ മുട്ടത്തറ മത്സ്യബന്ധന ഗ്രാമവും തിരുവനന്തപുരത്തെ മത്സ്യഫെഡ് ഫാക്ടറിയും സന്ദർശിക്കും.
രാവിലെ 11.30 ന് വിഴിഞ്ഞം ഫിഷിംഗ് ഹാർബറും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഴിഞ്ഞം യൂണിറ്റും സന്ദർശിക്കും. മന്ത്രി സജി ചെറിയാനോടൊപ്പം കേന്ദ്രമന്ത്രിമാർ വൈകുന്നേരം നാലിന് പൊഴിയൂർ ഫിഷിംഗ് ഹാർബറും സന്ദർശിക്കും.
മത്സ്യത്തൊഴിലാളികളെയും മത്സ്യകർഷകരെയും വിവിധ ഗവൺമെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിർദേശങ്ങൾ മനസിലാക്കാനും സാഗർ പരിക്രമ പരിപാടി ലക്ഷ്യമിടുന്നു.