കന്നുകാലി കച്ചവട മറവിൽ കഞ്ചാവ് വിൽപന; ഒരാൾ അറസ്റ്റിൽ
1301757
Sunday, June 11, 2023 3:23 AM IST
കൊല്ലം :എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി കൊല്ലം ചെമ്മാൻമുക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ പോത്തു കച്ചവട മറവിൽ വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന ആളിനെ 6.3000 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തു.കൊല്ലം സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്.
കൊല്ലം വടക്കേവിള മണിച്ചിത്തോട് ചേരിയിൽ അമ്മൻ നഗർ-12 ൽ കുറിച്ചിഅയ്യത്ത് വീട്ടിൽ സക്കീർ ഹുസൈൻ (52) ആണ് ഷോൾഡർ ബാഗിൽ സൂക്ഷിച്ച് സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച മൂന്നു പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6.3 കിലോ കഞ്ചാവുമായി പിടിയിലായത്. ഇയാൾക്ക് കടപ്പാക്കടയിൽ ഇറച്ചി വ്യാപാരമായിരുന്നു.
ഇയാൾ ആന്ധ്രാപ്രദേശിൽ കാലികളെ വാങ്ങാൻ പോകുന്നതിന്റെ മറവിൽ അവിടെ നിന്നും കിലോയ്ക്ക് 7000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 20000 രൂപയ്ക്കാണ് ഇവിടെ കൊണ്ടുവന്നു വിൽക്കുന്നത്.
സൈബർ സെൽ സഹായത്തോടു കൂടി നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടു വന്നതാണെന്നും വ്യക്തമായിട്ടുണ്ട്.കഞ്ചാവ് വില്പനയ്ക്കു വേണ്ടി ഇയാൾ പല സ്ഥലങ്ങളിൽ വീട് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് കച്ചവടം വിപുലപ്പെടുത്തിയത്. ഇയാളുടെ അന്തർ സംസ്ഥാന ബന്ധങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു.