എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ
1301756
Sunday, June 11, 2023 3:18 AM IST
കൊല്ലം :എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന എന്നിവയാണ് ലക്ഷണങ്ങള്‍. മൂത്രക്കുറവ്, മൂത്രത്തില്‍ നിറവ്യത്യാസം, കണ്ണില്‍ ചുവപ്പ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ ഏതെങ്കിലും കണ്ടാല്‍ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.
കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെടുന്നവര്‍, കൃഷി പണിയിലേര്‍പ്പെടുന്നവര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, മലിനമായ മണ്ണുമായും, വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്സി സൈക്ലിന്‍ ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കണം. കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കൈയുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. കൈകാലുകളില്‍ മുറിവുള്ളവര്‍ അവ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ ചെയ്യാതിരിക്കുക. കെട്ടി നില്ക്കുന്ന ജലത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് ഒഴിവാക്കുക. ഭക്ഷണ സാധങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് എലികളെ ആകര്‍ഷിക്കരുത്.
ആഹാരസാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്യ വസ്തുക്കള്‍ വീണ് മലിനമാകാതിരിക്കാന്‍ എപ്പോഴും മൂടിവെക്കുക. ചികിത്സ തേടുന്ന സമയത്ത് ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും ഡോക്ടറോട് പറണമെന്നും ഡിഎംഒ അറിയിച്ചു.