മൺസൂൺകാല ട്രോളിംഗ് നിരോധനം ആരംഭിച്ചു
1301397
Friday, June 9, 2023 11:05 PM IST
വർഗീസ് എം.കൊച്ചുപറമ്പിൽ
ചവറ : 52 ദിവസത്തെ മൺസൂൺ കാല ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. അധികൃതർ നീണ്ടകര പാലത്തിന്റെ തൂണുകളിൽ ചങ്ങല ഇട്ടതോടെ നിരോധനം പ്രാബല്യത്തിൽ വന്നു. മത്സ്യ ബന്ധന ബോട്ടുകള്‍ കടലില്‍ പോകുന്നത് നിരോധിക്കുന്നതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി വറുതിയുടെ കാലമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമാകില്ല. വരും ദിവസങ്ങളിൽ മത്സ്യക്ഷാമവും വില വർധനയും ഉണ്ടാകുമെന്നാണ് സൂചന.
ട്രോളിംഗ് നിരോധനം ആരംഭിക്കും മുന്‍പ് തുറമുഖങ്ങളില്‍ നിന്ന് മത്സ്യബന്ധന ബോട്ടുകള്‍ മാറ്റിയിരുന്നു. ഇതര സംസ്ഥാന മത്സ്യ ബന്ധന തൊഴിലാളികളിൽ ഏറിയ പേരും ഇന്നലെ മുതൽ നാട്ടിലേയ്ക്ക് പോയി തുടങ്ങി.
കഴിഞ്ഞ രണ്ടു ദിവസമായി ഭൂരിഭാഗം ബോട്ടുകളും കടലിൽ ഇറങ്ങിയില്ല. മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി അധികൃതർ മുന്നൊരുക്കങ്ങളും വിലയിരുത്തലുകളും നടത്തിയിരുന്നു.
ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, തീരദേശ പോലീസ് എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.