മത്സ്യ സമ്പത്ത് സംയോജിത പരിപാലനം: മൽസ്യ വിത്ത് നിക്ഷേപിച്ചു
1301396
Friday, June 9, 2023 11:05 PM IST
കുണ്ടറ: കായലുകളിലെ മൽസ്യ സമ്പത്ത് വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യ സമ്പത്ത് സംയോജിത പരിപാലനം 2023 - 24 പദ്ധതി പേരയം പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
അഷ്ടമുടി കായലിനെ ആശ്രയിച്ച് കഴിയുന്ന ഉൾനാടൻ മൽസ്യ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാണ് പദ്ധതി. ആയിരം തെങ്ങ് ഹാച്ചറിയിൽ തയാറാക്കിയ അൻപതിനായിരം പൂമീൻ കുഞ്ഞുങ്ങളെയാണ് അഷ്ടമുടി കായലിലെ പടപ്പക്കര വാളാത്തിൽ കടവിൽ നിക്ഷേപിച്ചത്. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി. സ്റ്റാഫോർഡ്, എൻ. ഷേർളി, വിനോദ് പാപ്പച്ചൻ, ലത ബിജു, ഫിഷറീസ് വകുപ്പ് ജീവനക്കാരായ തസ്ലിമ ബീഗം, വർഗീസ്, കോ- ഓർഡിനേറ്റർ പ്രിയങ്ക എന്നിവർ പ്രസംഗിച്ചു.