കുട്ടികള്‍ക്ക് സാമൂഹിക മൂല്യം പകര്‍ന്നു നല്‍കണം: വനിതാ കമ്മീഷന്
1300898
Wednesday, June 7, 2023 11:45 PM IST
കൊല്ലം: കുട്ടികള്‍ക്ക് സാമൂഹിക മൂല്യം പകര്‍ന്നു നല്‍കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് വനിതാ കമ്മീഷന്. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആധുനിക സമൂഹത്തില്‍ കുടുംബ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. അണുകുടുംബങ്ങളില്‍ ചെറിയ പ്രശ്നങ്ങളില്‍ പോലും ഇടപെടാന്‍ ആളില്ലാതെയാകുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണം, ക്ലാസുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവരികയാണ്. തദ്ദേശ സ്ഥാപങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടലുകളിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കാന്‍ ജാഗ്രത സമിതികളിലൂടെ സാധിക്കുന്നുണ്ടെന്നും വനിതാ കമ്മീഷന് അംഗം വി ആര് മഹിളാമണി പറഞ്ഞു. അദാലത്തില്‍ 76 പരാതികള്‍ പരിഗണിച്ചതില്‍ 21 എണ്ണം തീര്‍പ്പാക്കി. ഒരു പരാതി റിപ്പോര്‍ട്ടിനായി നല്കി. 54 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. വനിതാ കമ്മീഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന് തുടങ്ങിയവര്‍ പങ്കെടുത്തു.