ഭാവിതലമുറയുടെ നിലനില്‍പ്പിന് പ്രകൃതിസംരക്ഷണം അനിവാര്യം: മന്ത്രി
1300637
Tuesday, June 6, 2023 11:42 PM IST
കൊല്ലം: ഭാവിതലമുറയുടെ നിലനില്‍പ്പിന് പ്രകൃതിയുടെ സംരക്ഷണം അനിവാര്യമാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത ഗ്രാമം ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഹരിതസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ശാസ്ത്രീയ മാലിന്യനിര്‍മാര്‍ജന മാര്‍ഗങ്ങള്‍ വ്യാപകമാകണം. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണായക പങ്കാണ് ഹരിത കര്‍മസേന നിര്‍വഹിക്കുന്നത്. രാജ്യത്ത് വനവിസ്തൃതി വര്‍ധിച്ച വളരെ കുറച്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും ഇത് സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന വിവിധ പദ്ധതികളുടെ വിജയത്തെ സൂചിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
എഴുകോണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടില്‍ അധ്യക്ഷനായി. കവിയും ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രന്, വൈസ് പ്രസിഡനന്റ് ആതിര ജോണ്സണ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ആര് ബിജു, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീനാ മാമച്ചന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.