സുധിക്ക് കൊല്ലത്തിന്റെ വിട
1300605
Tuesday, June 6, 2023 10:53 PM IST
കൊല്ലം: നടനും മിമിക്രി കലാകാരനുമായ അന്തരിച്ച കൊല്ലം സുധിക്ക് ജന്മനാട്ടിൽ ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ഒരു പകൽ മുഴുവൻ നീണ്ട അനിശ്ചിതത്തിന് ഒടുവിൽ ഇന്നലെ അർധരാത്രി പന്ത്രണ്ടോയാണ് സുധിയുടെ ഭൗതിക ശരീരം കുടുംബ വീടായ ഇരവിപുരം ചായക്കടമുക്ക് പഴഞ്ഞിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ കൊണ്ടുവന്നത്. അർധരാത്രിയായിട്ടും നൂറു കണക്കിന് ആൾക്കാരാണ് നാടിന്റെ പ്രിയപ്പെട്ട സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തു നിന്നത്. ബന്ധുക്കളും കൂട്ടുകാരും ജനപ്രതിനിധികളും പൗരപ്രമുഖരും സിനിമ - സീരിയൽ രംഗത്തെ സഹപ്രവർത്തകരും അടക്കമുള്ളവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഒരു മണിക്കൂറിലേറെ പൊതു ദർശനത്തിന് വച്ചശേഷം കോട്ടയം വാകത്താനത്തെ വീട്ടിലേയ്ക്ക് കൊണ്ടുപോയി.
സുധിയുടെ മൃതദേഹം കൊല്ലത്ത് കൊണ്ടുവന്നത് അടുത്ത ബന്ധുക്കൾ അടക്കമുള്ളവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ്. നടനും എംപിയുമായ സുരേഷ് ഗോപി, മേയർ പ്രസന്ന ഏണസ്റ്റ് അടക്കമുള്ളവരും മൃതദേഹം കൊല്ലത്ത് കൊണ്ടുവരുന്നതിനായി ശക്തമായ ഇടപെടൽ നടത്തുകയുണ്ടായി.