ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും
1300405
Monday, June 5, 2023 11:32 PM IST
പുനലൂർ: റോഡ് ഉപരോധത്തിനിടെ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും. പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലാണ് പോലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായത്.
ബിജെപി പ്രവർത്തകൻ സുമേഷിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലാണ് ഉന്തും തള്ളുമുണ്ടായത്. പുനലൂർ ടിബി ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെത്തി റോഡ് ഉപരോധിച്ചു.
പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്, ആലഞ്ചേരി ജയചന്ദ്രൻ, സുരേഷ്, ഇടമൺ റെജി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ഇന്നലെ രാവിലെ ബിജെപി പ്രവർത്തകൻ സുമേഷിന്റെ മൃതദേഹവുമായി പുനലൂർ നഗരത്തിലൂടെ പ്രവർത്തകർ വിലാപയാത്ര നടത്തി.
തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ശിവൻകുട്ടി, നേതാക്കളായ വി.ടി.രമ, ബി.ബി. ഗോപകുമാർ, കെ. സോമൻ, ബി.രാധാമണി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.