ഭാരത് ഗൗരവ് ടൂർ പാക്കേജുമായി റെയിൽവേ ടൂറിസം കോർപറേഷൻ
1299529
Friday, June 2, 2023 11:24 PM IST
സ്വന്തം ലേഖകൻ
കൊല്ലം: രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ റെയിൽവേ അവസരം ഒരുക്കുന്നു.
ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് ആണ് ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിക്കുന്നത്. ഭാരത സർക്കാരിന്റെ ദേഖോ അപ്നാ ദേശ് - ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് തീവണ്ടികൾ റെയിൽവേ ഓടിച്ച് വരുന്നത്.
ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ 17 - ന് കേരളത്തിൽ നിന്ന് യാത്ര തിരിക്കും. മൈസൂർ, ഹംപി ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് 23-ന് തിരികെ എത്തും.
ഏസി ത്രീടയർ , സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് 754 വിനോദ സഞ്ചാരികളെ ശേഷിയുള്ളതാണ് ഈ വണ്ടി. സ്റ്റാൻഡേർഡ് ക്ലാസിൽ 544 യാത്രക്കാരെയും കംഫർട്ട് ക്ലാസിൽ 210 പേരെയും ഉൾപ്പെടുത്തിയാണ് യാത്ര. വിനോദ സഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് വണ്ടിയിൽ കയറാം.
മടക്കയാത്രയിൽ മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം , കൊച്ചുവേളി സ്റ്റേഷനുകളിൽ ഇറങ്ങുകയും ചെയ്യാം.
മൈസൂരിലെ സെന്റ് ഫിലോമിന കത്തീഡ്രൽ, മൈസൂർ കൊട്ടാരം, ബൃന്ദാവൻ ഗാർഡൻ, ചാമുണ്ഡി ഹിൽസ്, മൈസൂർ റെയിൽവേ മ്യൂസിയം, ഹംപിയിലെ കാഴ്ചകൾ, ഷിർദി സായിബാബ ക്ഷേത്രം, ശനി ശിംഗനാപൂർ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, പഞ്ചവടി, ഗോവയിലെ കലൻ ഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഒഫ് ബോം ജീസസ്, സെ കത്തീഡ്രൽ എന്നിവ സന്ദർശിക്കാൻ അവസരം ഉണ്ടാകുമെന്ന് റെയിൽവേ ടൂറിസം ജോയിന്റ് ജനറൽ മാനേജർ പി. സാം ജോസഫ്, തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പിആർഒ ഷെബി ടി. രാജ് എന്നിവർ പറഞ്ഞു.
സ്ലീപ്പർ ക്ലാസും ത്രീടയർ ഏസി സൗകര്യവുമുള്ള എൽഎച്ച്ബി കോച്ചുകളാണ് ഈ സർവീസിനുള്ളത്. മികച്ച നിലവാരമുള്ള പാൻട്രി കാറും ഭക്ഷണത്തിനായി ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകും. കോച്ചുകളിൽ അത്യാധുനിക സിസിടിവി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
നോൺ ഏസി ക്ലാസിലെ യാത്രയ്ക്ക് സ്റ്റാൻഡാർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 18, 350 രൂപയും തേർഡ് ഏസി ക്ലാസിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 28, 280 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ബുക്കിംഗ് സമയത്ത് തെരഞ്ഞെടുത്ത ക്ലാസുകളിൽ ആയിരിക്കും യാത്ര അനുവദിക്കുക. രാത്രി ഏസി ഹോട്ടലുകളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുന്നത്. ടൂർ എസ്കോർട്ടുകളുടെ സേവനവും ലഭിക്കും. യാത്രികർക്ക് ഇൻഷുറൻസും ഉണ്ടാകും.
കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽറ്റിസി സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഐആർസിറ്റിസി വെബ്സൈറ്റ് സന്ദർശിക്കാം.
തിരുവനന്തപുരം -8287932095, എറണാകുളം -8287932082, കോഴിക്കോട് -8287932098, കോയമ്പത്തൂർ -9003140655 എന്നീ നമ്പരുകളിലും വിശദ വിവരങ്ങൾ ലഭിക്കും.