കിഴക്കൻ മേഖലയിൽ കുന്നിടിക്കലിനും മണ്ണു കടത്തിനും അറുതിയില്ല
1299528
Friday, June 2, 2023 11:24 PM IST
കൊട്ടാരക്കര: ജില്ലയുടെ കിഴക്കൻ മേഖലല അനുദിനം ഊഷരമായി കൊണ്ടിരിക്കുന്നു. നീർച്ചാലുകളും ജലാശയങ്ങളും അനുദിനം അപ്രത്യക്ഷമാവുകയാണ്. വലിയതോടുകൾ വരെ നികന്നു തുടങ്ങി. അനിയന്ത്രിതമായ കുന്നിടിക്കലും മണ്ണ്ഘനനവും നിലംനികത്തലുമാണ് ഇതിനു പിന്നിൽ
കൊട്ടാരക്കര താലൂക്കിലെ ഉയർന്ന പ്രദേശങ്ങളെല്ലാം ഇടിച്ചു നിരത്തി കഴിഞ്ഞു. ഇപ്പോൾ നിരപ്പായ ഭൂമികൾ ഖനനം ചെയത് മണ്ണ് കടത്തുകയാണ് മാഫിയാ സംഘങ്ങൾ. സർക്കാർ സംവിധാനങ്ങളുടെയെല്ലാം ഒത്താശയോടെയാണ് ഈ പ്രകൃതി ചൂഷണമെല്ലാം നടന്നു വരുന്നത്.
മണ്ണെടുപ്പിനും കടത്തിനുമായി ഒട്ടേറെ മാഫിയാ സംഘങ്ങൾ കിഴക്കൻ മേഖലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സ്വന്തമായി മണ്ണുമാന്തികളും ഹിറ്റാച്ചിയും ടിപ്പറുകളും ഇവർക്കുണ്ട്. അതുകൂടാതെ അതിവിപുലമായ നെറ്റ് വർക്കും ഗുണ്ടാസംഘങ്ങളും ഇവർക്ക് സ്വന്തമായുണ്ട്. എല്ലാ സർക്കാർ ഓഫീസുകളിലും ഇവരുടെ ഏജന്റുമാരും പ്രവർത്തിച്ചു വരുന്നു.
കുന്നിടിച്ചു നിരത്താനോ നിലം നികത്താനോ ആവശ്യമുള്ളവർ ഇവരെ സമീപിച്ചാൽ മതി. മറ്റു നടപടിക്രമങ്ങളെല്ലാം അവർ പൂർത്തിയാക്കും. ജിയോളജി, റവന്യു, പഞ്ചായത്ത് വകുപ്പ് കളിൽ നിന്നെല്ലാം അനുമതി സംഘടിപ്പിക്കുന്നത് ഇവരാണ്.ഇതിനെല്ലാം നിശ്ചയിക്കപ്പെട്ട പടി നൽകണമെന്നു മാത്രം. മണ്ണെടുക്കാനുദ്ദേശിക്കുന്ന ഭൂമി പോലും ഉദ്യോഗസ്ഥർ പരിശോധിക്കാറില്ല. എന്നാൽ വീടുവെയ്ക്കാൻ വേണ്ടി അഞ്ച് സെന്റ് ഭൂമിയിലെ മണ്ണെടുക്കാൻ സാധാരണക്കാരൻ അനുമതി ചോദിച്ചാൽ അവനെ വട്ടം കറക്കുന്നതും ഈ ഉദ്യോഗസ്ഥരുടെ പതിവാണ്.
വാളകം മുതൽ കൊട്ടാരക്കര വരെയുള്ള എം സി റോഡ് വശങ്ങളിലെ ഉയർന്ന പ്രദേശങ്ങളെല്ലാം ഏകദേശം ഇടിച്ചു നിരത്തി കഴിഞ്ഞു.
ഇപ്പോഴും തുടരുന്നുമുണ്ട്. ഹൈവേ പോലീസ് പട്രോളിംഗ് ഉൾപ്പെടെ ഇരുപത്തിനാലു മണിക്കൂറും പോലീസ് സാന്നിധ്യമുണ്ടായിട്ടും പകൽ സമയങ്ങളില്ലണ് ഈ കുന്നുകൾ ഇടിച്ചു നിരത്തി മണ്ണു കടത്തുന്നത്. കരിക്കം മുതൽ മൈലം വരെയുള്ള എം സി റോഡു വശങ്ങളിലെ നിലങ്ങളെല്ലാം നികത്തി കഴിഞ്ഞു. ഇതു മൂലം തോടുകളും നീർച്ചാലുകളും അടഞ്ഞിട്ടുണ്ട്.
ജപ്പാൾ മാഫിയകൾ മണ്ണെടുക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ സ്വന്തം നിലയിൽ വാങ്ങി കൂട്ടുകയാണ്. മൈലം പഞ്ചായത്തിലെ ശിവൻ കുന്നിൽ ഏക്കറുകണക്കിന് ഭൂമിയാണ് ഇക്കൂട്ടർ വാങ്ങിയിട്ടുള്ളത്. എന്നാൽ ഇവിടെ ജനങ്ങൾ എതിർപ്പുമായി രംഗത്തുണ്ട്.
അവർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിലാണ്. വിയോജിക്കുന്നവരെ ആദ്യം പ്രലോഭിപ്പിച്ച് വശത്താക്കാനും വഴങ്ങാത്ത പക്ഷം കായികമായി നേരിടാനും മാഫിയകൾ ശ്രമം നടത്താറുമുണ്ട്.
ജിയോളജി, റവന്യു, പഞ്ചായത്ത് പോലീസ് വകുപ്പുകളാണ് ഇക്കാര്യത്തിൽ കടുത്ത അനാസ്ഥ കാട്ടുന്നത്. കുന്നിടിക്കലും മണ്ണുകടത്തും സംബന്ധിച്ച് നാട്ടുകാർ വിജിലൻസിനും പരാതി നൽകിയിരുന്നു. ഒരു ഫലവും ഉണ്ടായില്ല എന്നു മാത്രം.