ട്രോളിംഗ് നിരോധനം: അവലോകനയോഗം നടത്തി
1299320
Thursday, June 1, 2023 11:13 PM IST
കൊല്ലം: ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്ക് ജില്ലയില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ ഡി എം ബീനാറാണിയുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു.
നീണ്ടകര ഹാര്‍ബര്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ഹാര്ബാറുകളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള ഡീസല്‍ ബാങ്കുകള്‍ അടച്ചിടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാനായി മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബാങ്കുകള്‍ തുറന്നു കൊടുക്കും.
ട്രോളിംഗ് ബോട്ടുകള്‍ ഒന്‍പതിന് വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്സും കോസ്റ്റല്‍ പൊലീസും ഉറപ്പാക്കണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ മത്സ്യവുമായി ഹാര്‍ബറിലേക്ക് വരാന്‍ അനുവദിക്കുകയുള്ളൂ. ഇതരസംസ്ഥാന ബോട്ടുകള്‍ ടെറിട്ടോറിയല്‍ ഏരിയയില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി കര്‍ശന നടപടികള്‍ ഫിഷറീസ് വകുപ്പ് സ്വീകരിക്കും.
ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയവരുടെ പരിശോധന ശക്തമാക്കും. ലൈറ്റ് ഫിഷിങ് ഉള്‍പ്പെടെയുള്ള നിരോധിത മത്സ്യബന്ധന രീതികളും നിരോധിത വലകള്‍ ഉപയോഗിക്കുന്നതും കര്‍ശനമായി തടയുകയും നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യൂം.
ഒന്പതിനു രാവിലെ മുതല്‍ ഉച്ചവരെ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെ കടലിലും ഉച്ചയ്ക്ക് ശേഷം തീരദേശ മേഖല മുഴുവനായും ട്രോളിംഗ് നിരോധനം സംബന്ധിച്ച അനൗണ്സ്മെന്റുുകള് നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുബൈര്‍ പറഞ്ഞു.
നീണ്ടകര പാലത്തിന് കിഴക്ക് ഭാഗത്തേക്ക് ബോട്ടുകള്‍ മാറ്റി അര്‍ധ രാത്രിയില്‍ പാലത്തിന്റെ സ്പാനുകളില്‍ ചങ്ങല കെട്ടിക്കഴിഞ്ഞതിനുശേഷം ബോട്ടുകള്‍ അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിയമ വിരുദ്ധമായ ട്രോളിംഗ് നടത്തുന്നത് തടയുന്നതിനായി ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്സ്മെന്റും പരിശോധന ശക്തമാക്കും.
ക്രമസമാധാന നില വഷളാകാതിരിക്കുന്നതിനു വേണ്ടി ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തും. ട്രോളിംഗ് നിരോധന കാലയളവില്‍ സമയബന്ധിതവും കാര്യക്ഷമവുമായ ഇടപെടലുകള്‍ക്കും നിരോധനം നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിനും ആര് ഡി ഒ യുടെ സേവനവും ലഭ്യമാക്കും.
ട്രോളിംഗ് നിരോധനം തുടങ്ങി രണ്ടുദിവസങ്ങളില്‍ കൂടി വിപണനം നടത്തണം എന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യം ജില്ലാ ഭരണകൂടം ചര്‍ച്ച ചെയത് തീരുമാനിക്കും. ജില്ലാ പൊലീസ് മേധാവി മെറിന് ജോസഫ്, സബ്കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഫിഷറീസ് ഡി ഡി കെ.സുഹൈര്‍, ഹാര്‍ബര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, എസിപിമാര്‍, കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്ഫോസ്മെന്റ്്, കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ ടോമി, മിനിമോള്‍ എന്നിവര്‍ പങ്കെടുത്തു.