ഫിറ്റ്നസില്ല: സ്കൂൾ ബസുകൾ പിടികൂടി
1299310
Thursday, June 1, 2023 11:10 PM IST
കൊട്ടാരക്കര: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കൊട്ടാരക്കര മേഖലയിൽ നടത്തിയ പരിശോധനയിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത രണ്ടു സ്കൂൾ ബസുകൾ പിടികൂടി.വാളകത്തു നിന്നും അമ്പലത്തുംകാലയിൽ നിന്നുമാണ് ബസുകൾ പിടികൂടിയത്.
യൂണിഫോം ധരിക്കാതിരുന്ന പത്ത് സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിച്ചു. ജിപിഎസ് ഘടിപ്പിച്ചിട്ടില്ലാത്തതും ഫയർ എക്സ്റ്റിംഗുഷർ സ്ഥാപിച്ചിട്ടില്ലാത്തതുമായ വാഹനങ്ങൾക്ക് പിഴയിട്ടു.വാഹനങ്ങൾ പിടിച്ചെടുത്തതിനെ തുടർന്ന് കുട്ടികളെ മറ്റു വാഹനങ്ങളിൽ സ്കൂളുകളിലെത്തിച്ചു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാജ് കിരൺ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ രാജീവ്, ലിജീൻ, മഞ്ജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.