‘മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് നിയമങ്ങള്‍ വേണ്ടുന്ന നാടായി കേരളം മാറി’
1298406
Monday, May 29, 2023 11:30 PM IST
പത്തനാപുരം: മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് നിയമങ്ങള്‍ വേണ്ടുന്ന നാടായി മാറിയ കേരളം ഇന്ന് മൂല്യശോഷണത്തിന്റെ വക്കിലാണെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയർമാൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
ആയിരം ദിനങ്ങള്‍ ലക്ഷ്യമിട്ട് ഗാന്ധിഭവന് നടത്തുന്ന സ്നേഹപ്രയാണം പദ്ധതിയുടെ 338-ാം ദിന സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ജനിച്ച ഏതൊരു പൗരനും തുല്യതയോടെയും വിവേചനമില്ലാതെയും ജീവിക്കാന്‍ ഭരണഘടനാപരമായി അവകാശമുണ്ടെന്നുള്പ്പെടെയുള്ള നിയമവശങ്ങളെപ്പറ്റി ചടങ്ങില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സന്ദേശമായി അദ്ദേഹം പറഞ്ഞു.
ആധുനികവല്ക്കരണമാണ് ഇത്രയുമധികം വയോജനങ്ങള്‍ പിന്തള്ളപ്പെട്ടതിന്റെ മൂലകാരണമെന്നും സംസ്ഥാനത്ത് ഏറ്റവും മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനം നടക്കുന്നത് പത്തനാപുരം ഗാന്ധിഭവനിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചലച്ചിത്രതാരം മണിയന്‍പിള്ള രാജു ചടങ്ങില്‍ മുഖ്യാതിഥിയായി. തന്റെ സഹപ്രവര്‍ത്തകനായ ടി.പി. മാധവനെ ഗാന്ധിഭവനിൽ അതീവ ശ്രദ്ധയോടെ പരിപാലിക്കുന്നതിൽ ചലച്ചിത്ര താരസംഘടനയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ നന്ദി പറയുന്നതായി മണിയന്‍പിള്ള രാജു പറഞ്ഞു.
ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജൻ, ഭാരവാഹികളായ പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്, കെ. ഉദയകുമാര്‍, പ്രസന്നാ രാജൻ, സിഇഒ വിന്‍സെന്റ് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.