ഒഎൻവിയുടെ ജന്മദിനത്തിൽ കവിത ചൊല്ലി ആദരവർപ്പിച്ചു
1298368
Monday, May 29, 2023 10:50 PM IST
ചവറ: എവിടെയും എനിക്ക് ഒരു വീടുണ്ടെന്ന് പാടിയ മാനവികതയുടെ കവി ഓ.എൻ .വി കുറുപ്പിന്റെ ജയന്തി ദിനത്തിൽ ആദരവർപ്പിച്ച് കവികൾ ചവറയിലെ കവിയുടെ ജന്മ വീട്ടിൽ ഒത്തുകൂടി കവിതകൾ ചൊല്ലി സ്നേഹ സ്മാരകം തീർത്തു.
കലാസരിത്ത് സാംസ്കാരിക സമിതി, കേരള കാവ്യ തരംഗിണി, ഒ.എൻ.വി ജന്മഗൃഹ സ്മാരക സമിതി എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചവറയിലെ നമ്പ്യാടിക്കൽ തറവാട്ടിലാണ് 50- ഓളം കവികൾ ഒത്തുകൂടി കവിക്ക് കാവ്യ മാല ചാർത്തിയത്. ഒഎൻവി കുറുപ്പിന്റെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് കവിതകൾ ആലപിച്ചത്. ഒ.എൻ.വി കുറുപ്പിന്റെ പ്രകൃതി സ്നേഹവും കാരുണ്യവും എടുത്തുകാട്ടി കവികൾ കവിത അവതരിപ്പിച്ചപ്പോൾ അത് കവിക്കുള്ള ആദരവും ആയി മാറുകയായിരുന്നു. ഒഎൻവി കുറുപ്പിന്റെ കാലഘട്ടം സാഹിത്യ ചരിത്രത്തിൽ കാവ്യയുഗമായി വിലയിരുത്തുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കലാസരിത്ത് പ്രസിഡന്റ് ചവറ സുരേന്ദ്രൻ പിള്ള അധ്യക്ഷനായി. തുടർന്ന് നടന്ന കാവ്യ മേള കാഥിക തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്തു. കാവ്യ തരംഗിണി പ്രസിഡന്റ് ആസാദ് ആശിർവാദ് അധ്യക്ഷനായി. ആർ പവിത്രൻ, തിരക്കഥാകൃത്ത് അനിൽ മുഖത്തല, ജില്ലാ പഞ്ചായത്തംഗം സി.പി സുധീഷ് കുമാർ, ജ്യോതി നമ്പ്യാടിക്കൽ എന്നിവർ പ്രസംഗിച്ചു.
ബ്രോഷർ പ്രകാശനം ചെയ്തു
കുണ്ടറ: ചന്ദനത്തോപ്പ് ഗവ.ബിടിസിയിലെ ഹോട്ടൽ മാനേജ്മെന്റ് ട്രേഡുകളിൽ പഠിക്കുന്ന ട്രയിനികളുടെ നൈപുണ്യം പ്രദർശിപ്പിക്കുവാനായി രുചിക്കൂട്ടിന്റെ വൈഭവങ്ങൾ തീർത്തു കൊണ്ട് എട്ടിന് ബിറ്റിസിയിൽനടത്തുന്ന ദാവത് ഫുഡ് ഫെസ്റ്റിന്റെ ബ്രോഷർ പ്രകാശനവും കൂപ്പൺ വിതരണവും പി .സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു.
പ്രിൻസിപ്പാൾ എൻ. ടെന്നിസൺ, സീനിയർ ഇൻസ്ട്രക്ടർമാരായ എം. ജയരാജ്, ശരവണൻ ജി, രൂപശ്രീ.എം എന്നിവർ പങ്കെടുത്തു.