പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബോംബ് ഭീഷണി: ഒരാൾ അറസ്റ്റിൽ
1282658
Thursday, March 30, 2023 11:03 PM IST
ചാത്തന്നൂർ: പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണിലൂടെ ഭീഷണി. ഏറെ മണിക്കൂറുകൾ മുൾമുനയിലായ പോലീസ് ഭീഷണി മുഴക്കിയ കല്ലുവാതുക്കൽ പുലിക്കുഴി സ്വദേശിയായ രാജേഷി(42)നെ പുലർച്ചേ തന്നെ അറസ്റ്റ് ചെയ്തു. കേസ് എടുത്ത ശേഷം ജാമ്യത്തിൽ വിട്ടു. മാനസിക വിഭ്രാന്തിയുള്ള ആളാണ് രാജേഷ് എന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചേ ഒന്നോടെയാണ് പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സ്റ്റേഷനിലെ ലാന്റ് ഫോണിൽ ഭീഷണി സന്ദേശം എത്തിയത്. ഉടൻ തന്നെ സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസ് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും സ്വന്തം നിലയിൽ പരിശോധന നടത്തുകയും ചെയ്തു. ഒപ്പം ഭീഷണി സന്ദേശം അയച്ച ഫോൺ കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായവും തേടി.
ബോംബ് കണ്ടെത്തുന്നതിനും നിർവീര്യമാക്കുന്നതിനുമായി കൊല്ലത്തുനിന്നും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും എത്തി. പോലീസ് സ്റ്റേഷനും പരിസരവുമാകെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടയിൽ ഭീഷണി സന്ദേശം അയച്ച ഫോൺ നമ്പറും സിം എടുത്ത ആളിന്റെ മേൽവിലാസവും കണ്ടെത്തുകയും ചെയ്തു. പോലീസ് ഉടൻ തന്നെ സിം ഉടമയുടെ വീട്ടിലെത്തി.
സിം തന്റെ പേരിലാണെങ്കിലും ഫോൺ ഉപയോഗിക്കുന്നത് ബന്ധുവായ രാജേഷ് ആണെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുവിനേയും കൂട്ടി രാജേഷിന്റെ വീട്ടിലെത്തി രാജേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ബോംബ് ഭീഷണി വെറുതേയായിരുന്നുവെന്ന് പോലീസിനോട് രാജേഷ് പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള രാജേഷ് മുമ്പ് പരവൂർ റെയിൽവേ സ്റ്റേഷനിലും ഇതുപോലെ വ്യാജ ബോംബു ഭീഷണി സന്ദേശം അയച്ചിട്ടുണ്ടെന്ന് പാരിപ്പള്ളി എസ്എച്ച് ഒ അൽ ജബ്ബാർ പറഞ്ഞു. കേസ് എടുത്ത ശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു.