അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നഗരസഭ ബജറ്റ്
1282656
Thursday, March 30, 2023 11:01 PM IST
കരുനാഗപ്പള്ളി : കുടിവെള്ള വിതരണത്തിനും ഉത്പാദന സേവന, പശ്ചാത്തല മേഖലകൾക്കും പ്രാധാന്യം നൽകി കരുനാഗപ്പള്ളി നഗരസഭയിൽ 2023- 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു.
ശാസ്താംകോട്ടയിൽ നിന്ന് നഗരസഭയിലേക്ക് നേരിട്ട് കുടിവെള്ളം എത്തിക്കുന്ന 52 കോടിയുടെ കർമ പദ്ധതി സർക്കാരിന് സമർപ്പിച്ചതായും പദ്ധതി പൂർത്തിയാകുന്നത് വരെ കുടിവെള്ള വിതരണത്തിനായി രണ്ടു കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് നിർദേശിക്കുന്നു.
കുട്ടികളുടെ പാർക്കിന് സ്ഥലം ഏറ്റെടുക്കാൻ ഒരു കോടിയും, ടൗൺഹാൾ നിർമിക്കാൻ ഒരുകോടിയും വൈകുന്നേരങ്ങളിൽ പൊതുജനങ്ങൾക്ക് ഒത്തുകൂടുന്നതിനായി പൊതു ഇടം നിർമിക്കുന്നതിനായി 50 ലക്ഷവും സ്റ്റേഡിയം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ ഒരു കോടിയും വകയിരുത്തി.
എൻജിനീയറിങ് ബിരുദധാരികൾക്ക് വേണ്ടി നടപ്പാക്കുന്ന വിങ്സ് പദ്ധതിക്ക് 12 ലക്ഷം രൂപയും വ്യവസായ പാർക്കിന് ഒരു കോടി, കുടുംബശ്രീക്ക് 50 ലക്ഷം, കാർഷിക മേഖലയ്ക്ക് 50 ലക്ഷം, സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി 20 ലക്ഷം രൂപ എന്നിവയും വകയിരുത്തി. താലൂക്ക് ആശുപത്രി വികസനം 2.5 കോടി, മൂത്തേത്ത്കടവിൽ ശ്രീനാരായണ ഗുരു പ്രതിമ സ്ഥാപിക്കുന്നതിന് മൂന്നു ലക്ഷം, റോഡ് വികസനത്തിന് 3.5 കോടി രൂപയും വകയിരുത്തി.
പട്ടികജാതി വിഭാഗങ്ങൾക്കായി ഭൂമി വാങ്ങുന്നതിന് 50 ലക്ഷം, വീട് മെയിന്റനൻസ് 70 ലക്ഷം, ലാപ്ടോപ്പ് അനുവദിക്കുന്നതിന് 14 ലക്ഷം, സൈക്കിൾ വാങ്ങുന്നതിന് എട്ട് ലക്ഷം എന്നിങ്ങനെയും പണം വകയിരുത്തി. സ്ത്രീ സൗഹൃദ നഗരം പദ്ധതിക്ക് 60 ലക്ഷവും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി ശിശു സൗഹൃദ നഗരം പദ്ധതിക്ക് ഒരു കോടി രൂപയും വകയിരുത്തി.
ട്രാൻസ്ജെൻഡേഴ്സിന്റെ ഉന്നമനത്തിനുവേണ്ടി മൂന്ന് ലക്ഷവും കരുനാഗപ്പള്ളി ഫെസ്റ്റ് എന്ന പേരിൽ സംഘടിപ്പിക്കുന്ന കലാ-കായിക സാംസ്കാരിക പരിപാടിക്കും നൃത്ത സംഗീത നാടകോത്സവം ഫുഡ് ഫെസ്റ്റ് എന്നിവയ്ക്കുമായി 25 ലക്ഷം രൂപയും വകയിരുത്തി. വയോജനങ്ങളുടെ സംരക്ഷണത്തിന് 15 ലക്ഷം, അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് അഞ്ച് ലക്ഷം, ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കുമായി 10 ലക്ഷം എന്നിവയും വകയിരുത്തി.
അഗതി രഹിത നഗരം പദ്ധതിക്കായി അഞ്ച് ലക്ഷം, സാമൂഹിക സുരക്ഷാ പദ്ധതികൾക്കായി 20 ലക്ഷം രൂപയും വകയിരുത്തി. തെരുവ് വിളക്കുകളുടെ പരിപാലനത്തിനായി 50 ലക്ഷവും ഗ്രന്ഥശാലകൾക്കായി 2.5 ലക്ഷം രൂപയും വകയിരുത്തി. ജനകീയ ഹോട്ടൽ, വയോജനങ്ങളുടെ സംരക്ഷണകേന്ദ്രങ്ങൾ എന്നിവയ്ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ടേക്ക് എ ബ്രേക്ക് ,ജിഐഎസ് മാപ്പിങ് എന്നിവ ഈ ബജറ്റ് വർഷത്തിൽ പൂർത്തീകരിക്കുമെന്നും ബജറ്റ് ഉറപ്പുനൽകി. ഒന്പത് കോടി രൂപ ചെലവഴിച്ച് മുപ്പതിനായിരം സ്ക്വയർഫീറ്റിൽ നാല് നിലകളിലായി നിർമിച്ച നഗരസഭ ആസ്ഥാന മന്ദിരം വിഷുക്കൈനീട്ടമായി നഗരത്തിന് സമർപ്പിക്കുമെന്ന് ബജറ്റ് അവതരണത്തിന് ആമുഖമായി ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.
68,58,46,145 രൂപ വരവും 54,23,51,500 രൂപ ചെലവും 14,34,94645 രൂപ മിച്ചവും വരുന്ന ബജറ്റ് വൈസ് ചെയർപേഴ്സൺ എ സുനിമോളാണ് അവതരിപ്പിച്ചത്. നഗരസഭാ സെക്രട്ടറി എ ഫൈസൽ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എം ശോഭന, പടിപുര ലത്തീഫ്, എൽ ശ്രീലത, ഡോ. പി മീന, ഇന്ദുലേഖ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി ബജറ്റ് സമ്മേളനംബഹിഷ്കരിച്ചു.