തീരദേശത്തെ അനുതാപസാന്ദ്രമാക്കി ബീച്ച് യൂത്ത് ക്രോസ് നടത്തി
1281348
Sunday, March 26, 2023 11:00 PM IST
കൊല്ലം: അന്തർദേശീയ പ്രോലൈഫ് ദിനത്തിന്റെ ഭാഗമായി ജീവന്റെ സന്ദേശമുയർത്തി കെ സി ബി സി പ്രോലൈഫ് സമിതി കൊല്ലം രൂപതയോടൊപ്പം കെ സി വൈ എമ്മിന്റെ യുവജനങ്ങൾ ഒരുമിച്ചു ചേർന്ന് തീരദേശത്തു നടത്തിയ ബീച്ച് യൂത്ത്ക്രോസ് എന്ന കുരിശിന്റെ വഴി അനുതാപസാന്ദ്രമായി മാറി.
ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ അവസ്ഥകളോട് ചേർത്തുവെക്കപ്പെടുന്നതാണ് അമ്മമാരുടെ ഉദരങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളുടെ വധമെന്ന് കെ സി വൈ എം രൂപത ഡയറക്ടർ ഫാ. അമൽരാജ് പറഞ്ഞു.തോപ്പ് സെന്റ് സ്റ്റീഫൻസ് ചർച്ചിൽ നിന്ന് ആരംഭിച്ച് തീരദേശ ഇടവകകളായ പോർട്ട് കൊല്ലം, മൂതാക്കര, വാടി വഴി ഫാത്തിമ ശ്രയിനിൽ എത്തിയ ബീച്ച് യൂത്ത് ക്രോസിന്റെ സമാപന ആരാധനക്ക് രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ കാർമികത്വം വഹിച്ചു.
ഫാ. അമൽ രാജിനൊപ്പം, ഫാ. ജാക്സൺ ജെയിംസ്, ഫാ. ജെറിൻ എസ് ഡി ബി, പ്രോലൈഫ് രൂപതാ കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട് എന്നിവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു. കാഴ്ചക്കാരായെത്തിയ തീരദേശത്തെ ജനങ്ങൾ കൂടി പങ്കാളികളായി മാറിയ ബീച്ച് യൂത്ത് ക്രോസിന് കെ സി വൈ എം ആനിമേറ്റർ സിസ്റ്റർ മേരി രജനി, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന സെക്രട്ടറി ഇഗ്നേഷ്യസ് വിക്ടർ, കെ സി വൈ എം മുൻ സംസ്ഥാന പ്രസിഡന്റ് എഡ്വേർഡ് രാജു കുരിശിങ്കൽ, കെ സി വൈ എം രൂപതാ പ്രസിഡന്റ് മരിയ ഷെറിൻ ജോസ്, സെക്രട്ടറി എലിസബത്ത് സണ്ണി, മാനുവേൽ ആന്റണി എന്നിവർ നേതൃത്വം നൽകി.