മില്മ ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്തു
1281339
Sunday, March 26, 2023 11:00 PM IST
കൊല്ലം: മില്മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോദ്പാദക യൂണിയന് കൊല്ലം കെഎസ്ആര്ടിസി ബസ് ഡിപ്പോയില് സ്ഥാപിച്ച മില്മ ഫുഡ് ട്രക്ക് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ക്ഷീരകര്ഷകര് ഉത്പാദിപ്പിക്കുന്ന മുഴുവന് പാലിനും വിപണി ഉറപ്പാക്കുന്നതിനോടൊപ്പം മില്മ ഉല്പന്നങ്ങളുടെ വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള മില്മ ഫുഡ് ട്രക്കില് മില്മയുടെ എല്ലാ ഉല്പന്നങ്ങളും ലഭിക്കും.
മില്മ ഫുഡ് ട്രക്കിലൂടെ പൊതുജനങ്ങള്ക്ക് വൈവിധ്യമാര്ന്ന മില്മ ഉല്പന്നങ്ങള് ലഭ്യമാകുമെന്നും ചടയമംഗലം, കൊട്ടാരക്കര കെഎസ്ആര്ടിസി ഡിപ്പോകളില് ഇത്തരം ഫുഡ് ട്രക്കുകള് ഉടന് വരുമെന്നും ചിഞ്ചുറാണി പറഞ്ഞു. പഴയ ബസുകളെ ഫുഡ് ട്രക്കുകളാക്കി മാറ്റുന്നതിലൂടെ സാമ്പത്തികമായി കെഎസ്ആര്ടിസി യെ സഹായിക്കാന് ടിആര്സിഎംപിയുവിന് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
കെഎസ്ആര്ടിസിയുമായി സഹകരിച്ച് ടിആര്സിഎംപിയു ആരംഭിക്കുന്ന അഞ്ചാമത്തെ ഫുഡ് ട്രക്കാണിതെന്നും ഇത്തരത്തിലുള്ള ഏഴ് ഫുഡ് ട്രക്കുകള് കൂടി ഉടന് ആരംഭിക്കുമെന്നും ചടങ്ങില് അധ്യക്ഷത വഹിച്ച ടിആര്സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്വീനര് എന്. ഭാസുരാംഗന് പറഞ്ഞു. ഇത്തരം സംരംഭങ്ങളിലൂടെ മില്മയുടെ ഉല്പന്നങ്ങള് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കുകയാണ് ടിആര്സിഎംപിയു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഡെപ്യൂട്ടി മേയര് കൊല്ലം മധു മില്മ ഫുഡ് ട്രക്കിലെ ഉല്പന്നങ്ങളുടെ ആദ്യ വില്പന നിര്വഹിച്ചു. ഫുഡ് ട്രക്ക് സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ നിക്ഷേപമായി നല്കുന്നതിന് പുറമെ ഓരോ ബസിനും പ്രതിമാസം 20,000 രൂപ നികുതിയായും നല്കുമെന്ന് റിപ്പോര്ട്ട് അവതരിപ്പിച്ച ടിആര്സിഎംപിയു മാനേജിംഗ് ഡയറക്ടര് ഡി.എസ്.കോണ്ട പറഞ്ഞു. ബസിന്റെ രൂപമാറ്റത്തിന് അഞ്ചുലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന് മേയറും വാര്ഡ് കൗണ്സിലറുമായ ഹണി ബെഞ്ചമിന്, ടിആര്സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ ആര്. മോഹനന് പിള്ള, വി എസ്. പത്മകുമാര്, കൊല്ലം ഡെയറി മാനേജര് സി എ. മുഹമ്മദ് അന്സാരി, കെഎസ്ആര്ടിസി കൊല്ലം ഡിടിഒ എ. അബ്ദുള് നിഷാര് എന്നിവര് പങ്കെടുത്തു.
നിലവില് കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, തമ്പാനൂര് കെഎസ്ആര്ടിസി ഡിപ്പോകളില് ടിആര്സിഎംപിയു ഭക്ഷണ ട്രക്കുകള് സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആര്ടിസിയുടെ പഴയ ബസുകളുടെ സീറ്റുകള്ക്ക് പകരം കസേരകളും മേശകളും സ്ഥാപിച്ചിട്ടുള്ള മില്മ ഫുഡ് ട്രക്കില് മില്മയുടെ ഉല്പന്നങ്ങള് ഉപഭോക്താക്കള്ക്ക് ഇരുന്നു കഴിക്കാനാകും.