വെടിയേറ്റ് യുവാവിന് പരിക്കേറ്റ കേസ്: അന്വേഷണം ഊർജിതമാക്കി
1280932
Saturday, March 25, 2023 11:08 PM IST
ചവറ: ഒരേ സംഭവത്തിൽ വെടിയേറ്റ് യുവാവിനും മർദ്ദനത്തിൽ മറ്റൊരു യുവാവിനും പരിക്കേറ്റ കേസിൽ ചവറ പോലീസ് അന്വേഷണം ഊർജിതമാക്കി. പന്മന നടുവത്തുചേരി മുണ്ടൻ തറ കിഴക്കതിൽ ശ്രീരാജ് (24)നാണ് എയർഗൺ വഴി വെടിയേറ്റ് പരിക്കേറ്റത്. ശ്രീരാജിന്റെ സുഹൃത്ത് തേവലക്കര പാലക്കൽ വിഷ്ണു ഭവനത്തിൽ വിഷ്ണു(24)വിന് മർദ്ദനത്തിലും പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് വട്ടത്തറ സ്വദേശികളും സഹോദരങ്ങളുമായ ദീപു, ദിലീപ്, ദിനേശ് എന്നിവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
പോലീസ് പറയുന്നത്: ശ്രീരാജും സുഹൃത്ത് വിഷ്ണുവും വട്ടയത്ത് വയലിന് സമീപം കഴിഞ്ഞദിവസം കളിക്കാനായി എത്തിയതായിരുന്നു. ഇവിടെ വെച്ച് ദിലീപ്, ദിനേശ് എന്നിവരുമായി വിഷ്ണു സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ദീപു തോക്കുമായി എത്തി വിഷ്ണുവിനെ വെടിവെക്കാൻ ശ്രമിച്ചു.
എന്നാൽ ദിലീപും ദിനേശും ദീപുവിന്റെ കൈയിൽ നിന്നും ബലമായി തോക്ക് പിടിച്ചു വാങ്ങി. എന്നാൽ കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് വിഷ്ണുവിനെ വെടിവെച്ചു. എന്നാൽ ലക്ഷ്യം മാറി വെടി ശ്രീരാജിന്റെ നെഞ്ചിൽ പതിക്കുകയായിരുന്നു. തുടർന്ന് കൈയിൽ ഉണ്ടായിരുന്ന ഹെൽമെറ്റുകൾ ഉപയോഗിച്ച് വിഷ്ണുവിനെ മൂവരും ചേർന്ന് മർദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ശ്രീരാജും വിഷ്ണുവും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ദീപുവിനും പരിക്കേറ്റതായി പറയപ്പെടുന്നു.സംഭവവുമായി ബന്ധപ്പെട്ട് ദീപു, ദിലീപ്, ദിനേശ് എന്നിവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.