ജനപ്രതിനിധികൾ വികസനത്തിന് തടസം നിൽക്കരുത്: ജനകീയ സുരക്ഷാ വേദി
1280640
Friday, March 24, 2023 11:29 PM IST
പത്തനാപുരം: തിരുവനന്തപുരം- അങ്കമാലി ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ചില സങ്കുചിത താല്പര്യക്കാർ ഉയർത്തുന്ന ആശങ്ക കമ്മിറ്റികളിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പങ്കാളികളാകരുതെന്ന് ജനകീയ സുരക്ഷാ വേദി.
ആളുകളെ പരിഭ്രാന്തരാക്കി താത്ക്കാലിക രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കാതെ ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങൾക്കായി അവരെ ബോധവാന്മാരാക്കണം.
പാത യാഥാർഥ്യമായാൽ അനേകം ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം തന്നെ ഉണ്ടാകും.
തിരുവനന്തപുരം-അങ്കമാലി പാത പത്തനാപുരം ടൗണിന് ആകപ്പാടെ ഇല്ലാതാക്കും എന്ന് പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ല.
ഇപ്പോൾ തന്നെ കാലഹരണപ്പെട്ട ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളും ഇടുങ്ങിയ റോഡുകളും കാരണം പത്തനാപുരത്ത് വികസനം വഴിമുട്ടി നിൽക്കുകയാണ്.
അതുകൊണ്ടുതന്നെ ഈ ഗ്രീൻഫീൽഡ് ഹൈവേ അവസരമാക്കി എടുത്തു കൊണ്ട് പത്തനാപുരത്തിനായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടുകൂടിയുള്ള ഏറെ സ്ഥലസൗകര്യങ്ങളോടുകൂടിയ ഒരു ആസൂത്രിത നഗരമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആവശ്യമായ നടപടികളും ഫണ്ടും വാങ്ങിയെടുക്കുവാൻ ആണ് പത്തനാപുരത്തെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും തയാറാകേണ്ടതെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതിലൂടെ പത്തനാപുരത്തെ വ്യാപാരികളെയും മറ്റും മാന്യമായി പുനരധിവസിപ്പിക്കുവാനും സാധിക്കുമെന്നും ജനകീയ സുരക്ഷാ വേദി ചെയർമാൻ അഡ്വ:രഘുനാഥ് കമുകുംചേരി, രാജേന്ദ്രകുമാർ ഏലിക്കാട്ടൂർ, രതീഷ് അലിമുക്ക്, ഗിരീഷ്മോഹൻ എന്നിവർ പറഞ്ഞു