ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം
1280617
Friday, March 24, 2023 11:08 PM IST
കൊല്ലം: ലോക ക്ഷയരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം ഐ എം എ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന് നിര്‍വഹിച്ചു. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ജില്ലയില്‍ ക്ഷയരോഗ നിര്‍മാര്‍ജന അവബോധ ക്യാമ്പുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും പുകയില പോലുള്ള ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച് കൂട്ടായ പരിശ്രമത്തിലൂടെ രോഗത്തെ ഇല്ലാത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് അധ്യക്ഷയായി.
സെന്‍ട്രല്‍ ടി ബി വിഭാഗത്തിന്റെയും ഐ സി എം ആറിന്റെയും നേതൃത്വത്തിലുള്ള സബ് നാഷണല്‍ സര്‍ട്ടിഫിക്കേഷനില്‍ ജില്ലയില്‍ 40 ശതമാനത്തിലധികം ടി ബി രോഗികളുടെ കുറവ് കണ്ടെത്തിയതിനുള്ള സില്‍വര്‍ മെഡല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറി.
കെ എസ് ആര് ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച ബോധവത്ക്കരണ റാലിയുടെ ഫ്ളാഗ് ഓഫ് എ എസ് പി സോണി ഉമ്മന്‍ കോശി നിര്‍വഹിച്ചു. തുടര്‍ന്ന് മികച്ച ക്ഷയരോഗ ബോധവത്ക്കരണ പോസ്റ്റര്‍ നിര്‍മിച്ചവര്‍ക്ക് മൊമെന്റോകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കോര്പ്പറേഷന് കൗണ്‍സിലര്‍ സജിതാനന്ദ്, ജില്ലാ ടി ബി ഓഫീസര്‍ ഡോ പി പ്ലാസ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ ദേവ് കിരണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഡി വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ സന്ധ്യ ആര്, ഡെപ്യൂട്ടി ഡി എം ഒ സാജന് മാത്യു, ആര് സി എച്ച് ഓഫീസര്‍ ഡോ എം എസ് അനു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം ദിലീപ് ഖാന്, ടി ബി കണ്ട്രോള് മെഡിക്കല്‍ ഓഫീസര്‍ ഡോ ജ്യോതിഷ് ഹരി, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.