കളക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി
1280318
Thursday, March 23, 2023 11:23 PM IST
സ്വന്തം ലേഖകൻ
കൊല്ലം: കക്കുകളി നാടകം നിരോധിക്കണം എന്നാവശ്യപ്പെട്ട് രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന കളക്ടറേറ്റ് മാർച്ച് അക്ഷരാർഥത്തിൽ പ്രതിഷേധ സാഗരമായി. കടൽത്തിരപോലെ വൻ പ്രകമ്പനം സൃഷ്ടിച്ചാണ് ആയിരങ്ങൾ ഭരണ സിരാ കേന്ദ്രമായ കൊല്ലം കളക്ടറേറ്റിലേയ്ക്ക് ഒഴുകിയെത്തിയത്.
കന്യാസ്ത്രീമാരെ അപമാനിക്കുന്ന, ക്രിസ്തുവെന്ന ലക്ഷ്യത്തിൽ സഭാവസ്ത്രമണിഞ്ഞ സന്യസ്തരെ ആക്ഷേപിക്കുന്ന കക്കുകളി എന്ന നാടകം പൂർണമായും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് നൂറുകണക്കിന് സന്യസ്തരും പുരോഹിതരും അൽമായരും കൊല്ലം കളക്്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യത്.
തുടർന്ന് നടന്ന ധർണയുടെ ഉദ്ഘാടനം കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്തു.
ഇപ്പോഴത്തെ പ്രതിഷേധം കത്തോലിക്കാ സഭയെ സംരക്ഷിക്കാനല്ല മറിച്ച് നിങ്ങൾ കള്ളം പറഞ്ഞു പറ്റിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ ആത്മാക്കളെ നശിപ്പിക്കുന്നതിന് എതിരായിട്ടും അരാജകത്വവും അധാർമികതയും എഴുത്തുകൾ വഴി, നാടകങ്ങൾ വഴി പ്രചരിപ്പിക്കുന്നതിനെതിരെയും കുടുംബ ജീവിതത്തെ തകർക്കുന്നതിന് എതിരായിട്ടും സാധാരണ ജനങ്ങളെ ചതിക്കുന്നത് ഒഴിവാക്കാനുമാണെന്ന് ബിഷപ് പറഞ്ഞു.
ഞങ്ങളുടെ പുറത്തുകേറി കക്കുകളിക്കരുത്. അളമുട്ടിയാൽ എന്ത് സംഭവിക്കുമെന്നറിയാമല്ലോ. കർത്താവിന്റെ മാർഗത്തിലൂടെ പോകുന്നതിനാൽ പ്രതികരണം ഇങ്ങനെയായെന്നു മാത്രം.
ക്രൈസ്തവ അവഹേളനവും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടവും പ്രസ്ഥാനങ്ങളും ഈ നാടകം നിർത്തിയില്ലെങ്കിൽ നിങ്ങളെ ഇറക്കാൻ ഞങ്ങൾക്കറിയാമെന്നും ബിഷപ് ഓർമപ്പെടുത്തി.
രൂപത വികാർ ജനറൽ മോൺ. വിൻസന്റ് മച്ചാഡോ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
എഫ്ഐഎച്ച് മദർ ജനറൽ സിസ്റ്റർ റക്സിയ മേരി അധ്യക്ഷത വഹിച്ചു.
സിആർഐ പ്രസിഡന്റ് ഫാ. ബെഞ്ചമിൻ ഏലിയാസ് ആമുഖപ്രഭാഷണവും ബെഥനി സിസ്റ്റർ സി. ആഗ്നറ്റ് മുഖ്യപ്രഭാഷണവും കളക്ടർക്കുള്ള നിവേദന സമർപ്പണവും നടത്തി.
അഡീഷണൽ വികാർ ജനറൽ ഫാ. സുഗുൺ ലിയോൺ, എപ്പിസ്കോപ്പൽ വികാർ ഫാ. ഡോ. ബൈജു ജൂലിയാൻ, ജാഗ്രത സമിതി ഡയറക്ടർ ഫാ. അമൽരാജ് ഫ്രാൻസിസ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ ജോളി അബ്രഹാം, അൽമായ കമ്മീഷൻ സെക്രട്ടറി പ്രഫ. എസ്. വർഗീസ്, കെഎൽസിഎ ജില്ലാ പ്രസിഡന്റ് ലെസ്റ്റർ കാർഡോസ്, എംഎസ് എസ് റ്റി മദർ ജനറൽ സിസ്റ്റർ ശാന്തി ആന്റണി, കെഎൽസിഡബ്ല്യൂഎ പ്രസിഡന്റ് വത്സല ജോയ്, കെആർഎൽസിബിസി വിമൻസ് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ എമ്മാ മേരി, കെസിബിസി വിമൻസ് കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്, കെആർഎൽസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനിൽ ജോൺ ഫ്രാൻസിസ്, വോയിസ് പ്രസിഡന്റ് ഫ്രാൻസിസ് ജെ നെറ്റോ, കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപത പ്രസിഡന്റ് യോഹന്നാൻ ആന്റണി, ചവറ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽ രാജ്, അൽമായ കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, ഫാ. ജോസഫ് പി എസ്, ഫാ. സഫറിൻ കെ ബി, ഫാ. ബോബി കണ്ണേഴത്ത് എന്നിവർ പ്രസംഗിച്ചു.