പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പ് ഇന്നും നാളെയും
1280317
Thursday, March 23, 2023 11:23 PM IST
ചവറ : അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പ് ഇന്നും നാളെയും ചവറ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രത്തിൽ നടക്കും.
അഭീഷ്ടകാര്യ സിദ്ധിക്കായി പുരുഷന്മാര് വ്രതം നോറ്റ് പെണ് വേഷം കെട്ടി വിളക്കെടുക്കുന്ന അപൂര്വ ഉത്സവങ്ങളില് ഒന്നാണ് കൊറ്റന്കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്ക്. ക്ഷേത്രപരിസരം മുഴുവന് വിളക്കേന്തിയ പുരുഷാംഗനമാരെക്കൊണ്ട് രണ്ട് ദിവസവും നിറയും. ബാലൻമാർ മുതല് വൃദ്ധര് വരെ വിളക്കെടുക്കാനെത്തും. ഓരോ വര്ഷവും ഇന്ത്യയുടെ പല ഭാഗങ്ങളില് നിന്നുമായി ആഗ്രഹപൂര്ത്തീകരണത്തിനായി എത്തുന്നത് ആയിരക്കണക്കിനാളുകളാണ്. ചമയവിളക്കെടുത്താല് മനസിലുള്ള ആഗ്രഹങ്ങള് സാധിക്കുമെന്നാണ് ഇവിടത്തെ വിശ്വാസം.
ആണില് നിന്നും പെണ്ണിലേക്കുള്ള പരകായ പ്രവേശമാണ് കൊറ്റന് കുളങ്ങര ചമയവിളക്കെടുപ്പിലൂടെ നടക്കുന്നത്. വിളക്ക് വാടകയ്ക്കു കൊടുക്കുന്നവര്, ആഭരണ കച്ചവടക്കാര് കൂടാതെ അവിടവിടെയായി ചമയവിളക്കെടുക്കുന്നവരുടെ ഫോട്ടോ എടുക്കാനായി സ്റ്റുഡിയോക്കാരുടെ കൂടാരങ്ങളും ഈ രണ്ട് ദിനവും കാണാം.
ഇന്ന് ചവറ, പുതുക്കാട് കരക്കാരുടെ നേതൃത്വത്തിലാണ് ഉത്സവം.പുലർച്ചെ മൂന്നിന് ചമയവിളക്ക്, അഞ്ചിന് ആറാട്ട് എന്നിവ നടക്കും. സമാപന ദിവസമായ നാളെ കുളങ്ങര ഭാഗം ,കോട്ടയ്ക്കകം കരക്കാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
വൈക്കം സത്യാഗ്രഹം
ശതാബ്ദി സമ്മേളനം
കൊല്ലം : ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ ഏക പോഷക സംഘടനയായ ഗുരുധർമ പ്രചരണ സഭയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ 29ന് വൈക്കം സത്യാഗ്രഹ സ്മാരക ഹാളിൽ രാവിലെ 10ന് ആരംഭിക്കും. ശിവഗിരി മഠത്തിലെ സന്യാസിമാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.