ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ നടത്തി
1280314
Thursday, March 23, 2023 11:23 PM IST
ചാത്തന്നൂർ : ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനസെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സരിത പ്രതാപ് അധ്യക്ഷയായി. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.വി സത്യൻ പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ് ജില്ല പഞ്ചായത്ത് പദ്ധതികൾ വിശദീകരിച്ചു.
പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി അമ്മ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ദാസ്തക്കീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ശകുന്തള, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശംഭുഎന്നിവർ പ്രസംഗിച്ചു.
ഉത്പാദന മേഖലയിൽ 80 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. ഭവന നിർമാണത്തിനായി ഒരുകോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പദ്ധതി നിർദേശങ്ങൾ:
ബ്ലോക്ക് പഞ്ചായത്ത് പഴയ മന്ദിരം ചരിത്ര സാംസ്കാരിക കാർഷിക മ്യൂസിയമായി സംരക്ഷിക്കും. തൊഴിൽമേള, പോഷകശ്രീ, തൃണകം, എ ബി സി പ്രോഗ്രാം, ജൻഡർ ബജറ്റിംഗ് എന്നിവ നടപ്പാക്കും.
പട്ടിക ജാതി വിഭാഗക്കാർക്ക് വീടിനോട് ചേർന്ന് കടമുറി, ആയുഷ് ഗ്രാമം, വൃക്ക രോഗികൾക്ക് മരുന്ന് വാങ്ങൽ, കേര ഗ്രാമം, കാൻസർ ഡിറ്റക്ഷൻ ക്യാമ്പ് തുടങ്ങിയ പത്തോളം നൂതന പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ബാഡ്മിന്റൺ ഇൻഡോർ സ്റ്റേഡിയം, ഫുട്ബോൾ ആക്കാദമി എന്നിവ ആരംഭിക്കാൻ പദ്ധതി നിർദേശമുണ്ട്. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും ജലസംരക്ഷണം, ശുചിത്വ മലന്യ സംസ്കരണം എന്നിവയ്ക്കായും നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. അഞ്ചു കോടി രൂപയുടെ വാർഷിക പദ്ധതികൾ സെമിനാറിൽ അവതരിപ്പിച്ചു.