അടിസ്ഥാന സൗകര്യത്തിനും സേവനമേഖലയ്ക്കും ഊന്നൽ നൽകി പന്മന പഞ്ചായത്ത് ബജറ്റ്
1280289
Thursday, March 23, 2023 11:06 PM IST
പന്മന : പന്മന ഗ്രാമപഞ്ചായത്തിലെ 2023 - 24 ലെ ബജറ്റ് അവതരിപ്പിച്ചു. ഭൂമിയും വീടും എല്ലാ വാർഡുകളിലും മിനിമാസ്റ്റ് വിളക്കുകൾ, പഞ്ചായത്തിന്റെ പ്രധാനപ്പെട്ട എല്ലാ റോഡുകളുടെയും നവീകരണവും പുതിയ റോഡുകളുടെ നിർമാണവും സാമൂഹ്യക്ഷേമം, മാലിന്യ സംസ്കരണം, കുടിവെള്ള പദ്ധതി ഉൾപ്പെടെ സേവനമേഖലയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മൃഗസംരക്ഷണത്തിനും ഊന്നൽ നൽകിയാണ് ബജറ്റ് അവതരിപ്പിച്ചത്.
വൈസ് പ്രസിഡന്റ് മാമൂലയിൽ സേതു കുട്ടനാണ് ബജറ്റ് അവതരണം നടത്തിയത്. പ്രസിഡന്റ് എം ഷമി അധ്യക്ഷയായി.
ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ ഭവന നിർമാണവും പുനരുദ്ധാരണവും എന്ന മേഖലയ്ക്ക് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിക്ക് ഏഴ് കോടി രൂപ, ആരോഗ്യമേഖലയ്ക്ക് 1.22 കോടി രൂപ, പട്ടികജാതി ക്ഷേമത്തിന് ഒരു കോടി 50 ലക്ഷം രൂപ, വനിതാ ശിശുക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി 95 ലക്ഷം രൂപ, കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു കോടി രൂപ, പഞ്ചായത്ത് റോഡുകളുടെ നവീകരണത്തിനായി നാല് കോടി 60 ലക്ഷം,
ശുചിത്വ മാലിന്യ സംസ്കരണത്തിനായി ഒരു കോടി 30 ലക്ഷം, കുടിവെള്ള മേഖലയ്ക്ക് രണ്ടു കോടി 70 ലക്ഷം, മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണ പദ്ധതികൾക്കായി 80 ലക്ഷം രൂപ , ജലസംരക്ഷണത്തിനായി 55 ലക്ഷം, എല്ലാ വാർഡുകളിലും തെരുവ് വിളക്കുകൾ പര്യാപ്തമായ നിലയിൽ സ്ഥാപിക്കുന്നതിനായി 50 ലക്ഷം, സാമൂഹ്യ ക്ഷേമത്തിന് 92 ലക്ഷം രൂപ , നികുതി പരിഷ്കരണവും അനുബന്ധ ചെലവുകൾക്കുമായി പത്ത് ലക്ഷം രൂപ എന്നിവയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ചർച്ചയിൽ പന്മന ബാലകൃഷ്ണൻ, എ എം നൗഫൽ, രാജീവ് കുഞ്ഞുമണി, കറുകത്തല ഇസ്മയിൽ തുടങ്ങി വിവിധ വാർഡിലെ മെമ്പർമാർ പങ്കെടുത്തു.
ചർച്ചകൾക്കും ചോദ്യങ്ങൾക്കും പ്രസിഡന്റ് എം ഷെമി, വൈസ് പ്രസിഡന്റ് മാമൂലയിൽ സേതു കുട്ടൻ, സെക്രട്ടറി മേരിലത, സ്ഥിരം സമിതി അധ്യക്ഷരായ ഹൻസിയ, ജോർജ് ചാക്കോ, ഷീല എന്നിവർ മറുപടി നൽകി.