പത്തനാപുരത്ത് കിരണം പദ്ധതിയിലൂടെ പുത്തൻ വെളിച്ച വിപ്ലവത്തിന് തുടക്കം
1280288
Thursday, March 23, 2023 11:06 PM IST
പത്തനാപുരം: കിരണം പദ്ധതിയിലൂടെ പുത്തൻ വെളിച്ച വിപ്ലവത്തിന് തുടക്കം കുറിക്കുകയാണ് പത്തനാപുരം ഗ്രാമപഞ്ചായത്ത്. ഫിലമെന്റ് രഹിതവും പ്രകാശപൂരിതവുമായ തദ്ദേശ സ്ഥാപനമെന്ന നവീന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2022-23വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിരണം എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് തുളസി നിർവഹിച്ചു.
എൽ ഇ ഡി ബൾബുകളുടെ നിർമാണവും പരിപാലനവുമാണ് കിരണം. ഉപയോഗശൂന്യമായ എൽ ഇ ഡി ബൾബുകൾ അറ്റകുറ്റപ്പണി നടത്തി പതിനായിരം മണിക്കൂർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റും. തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്ക് ഇവയുടെ നിർമാണ പരിശീലനം നൽകി തുടങ്ങി. തുടർന്ന് മുഴുവൻ കുടുംബശ്രീ പ്രവർത്തകർക്കും ഇതിനുള്ള പരിശീലനം നൽകും.
വീടുകളിൽ ഉപയോഗശൂന്യമായ ബൾബുകൾ ഹരിതകർമസേന അഞ്ച് രൂപ നിരക്കിൽ ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കി ഉടമയ്ക്ക് തിരികെ നൽകും. അധികമായി നിർമിക്കുന്നവ പഞ്ചായത്ത് തന്നെ ഏറ്റെടുത്ത് തെരുവ് വിളക്ക് പരിപാലനത്തിനായി ഉപയോഗിക്കും. വർഷാവർഷം തെരുവ് വിളക്കുകൾ വാങ്ങുന്നതിനായി ലക്ഷങ്ങളാണ് പഞ്ചായത്ത് പദ്ധതി ഇനത്തിൽ വകയിരുത്തുന്നത്.
കിരണം പദ്ധതി നടപ്പിലാക്കുന്നത്തോടെ ഈ ഇനത്തിൽ വലിയ തുക ലാഭിക്കാം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഷാജഹാൻ, സ്ഥിരം സമിതി അധ്യക്ഷരായ ഏ ബി അൻസാർ, സുനറ്റ് കെ വൈ, ബെൽകീസ് ബീഗം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സലൂജ ദിലീപ്, മണി സോമൻ, സി വിജയ, തൗസിയ മുഹമ്മദ്, അനിത കുമാരി, വി ഇ ഒ സുരേഷ് കുമാർ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.