ഒരുമുഴം കയറുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
1265458
Monday, February 6, 2023 11:07 PM IST
കൊല്ലം: ജനങ്ങൾക്ക് ഒന്നും നൽകാതെ പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരി അവരെ ഞെക്കി പിഴിഞ്ഞെടുക്കുന്ന ബജറ്റ് ആണ് സംസ്ഥാനത്ത് അവതരിപ്പിച്ചതെന്ന് ആരോപിച്ചു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊല്ലത്ത് പ്രതീകാത്മകമായ സമരം നടത്തി.
ധനകാര്യ മന്ത്രി കേരളത്തിലെ ജനങ്ങളോട് സാമ്പത്തിക വെല്ലുവിളി നടത്തിയിരിക്കുകയാണ്. ഇതിൽ ഭേദം സർക്കാർ ചെലവിൽ തൂക്കുകയർ സമ്മാനിക്കുന്നത് ആയിരുന്നു നല്ലതെന്ന് ആരോപിച്ച് എൽഡിഎഫിന്റെ നികുതി കിറ്റിനുമേൽ ഒരുമുഴം കയറുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു.
കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാരുകൾ ഇന്ന് കൊള്ളക്കാരെ പോലെയാണ് പെരുമാറുന്നത്. ജനക്ഷേമം എന്ന ലക്ഷ്യത്തിൽ നിന്നും സർക്കാരുകൾ കോർപ്പറേറ്റ് ക്ഷേമത്തിലേക്ക് മാറിക്കഴിഞ്ഞതായി പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ആരോപിച്ചു.
വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഹർഷാദ് മുതിരപ്പറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഉല്ലാസ് ഉളിയക്കോവിൽ, സുദർശൻ ബാബു, രാജീവ്, സഹൽ, റമീസ് , മിഥുൻ, സഞ്ജു തേവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.