ബജറ്റ് ജില്ലയുടെ സമഗ്രവികസനത്തിന് കരുത്ത് പകരും: എസ്.സുദേവന്
1264597
Friday, February 3, 2023 11:40 PM IST
കൊല്ലം: കയര്‍, കശുവണ്ടി, മത്സ്യമേഖല ഉള്‍പ്പടെയുള്ള പരമ്പരാഗത മേഖലയെ ആധുനിക വല്‍ക്കരിച്ചും വിജ്ഞാനാധിഷ്ഠിത സംരംഭങ്ങളിലൂടെയും ടൂറിസം മേഖലയുടെ വിപുലീകരണത്തിലൂടെയും ജില്ലയുടെ സമഗ്രവികസനത്തിന് കരുത്തേകുന്ന സംസ്ഥാന ബജറ്റിനെ അഭിന്ദിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്.സുദേവൻ.
പരമ്പരാഗത മേഖലയ്ക്ക് മുന്തിയ പരിഗണനയാണ് ബജറ്റിലുള്ളത്. കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സിനും ആധുനികവല്‍ക്കരണത്തിനുള്ള പ്രത്യേക പദ്ധതി, കാഷ്യുബോര്ഡിന് റിവോള്‍വിംഗ് ഫണ്ടായി 43.55 കോടി, കശുവണ്ടി മേഖലയിലെ പുനരുജ്ജീവന പാക്കേജിന് 30 കോടി, കശുമാവ് കൃഷി വികസ ഏജന്‍സിക്ക് 7.20 കോടി എന്നീ നിലയില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ കയര്‍ വ്യവസായത്തിന് 117 കോടി, ഖാദി ഗ്രാമവ്യവസായത്തിന് 16.10 കോടി, കൈത്തറി വ്യവസായത്തിന് 56.40 കോടി എന്നീ നിലയില്‍ വകയിരുത്തിയിട്ടുള്ളതിനാല്‍ ഈ രംഗങ്ങളിലും ജില്ലയ്ക്ക് നല്ല നേട്ടമുണ്ടാകും.
നീണ്ടകരയിലെ യാണ് ട്വിസ്വിറ്റിംഗ് ആൻഡ് നെറ്റ് ഫാക്ടറി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാന്‍ അഞ്ച് കോടി അനുവദിച്ചിട്ടുള്ളത് വലിയ ചുവടുവെയ്പാണ്. കൊല്ലം ഉള്‍പ്പടെ അഞ്ച് തുറമുഖങ്ങളുടെ ഷിപ്പിംഗ് ഉള്‍പ്പടെയുള്ള തുറമുഖ അടിസ്ഥാന സൗകര്യത്തിന് 40.50 കോടി, കേരള മാരിട്ടൈം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനത്തിന് മൂന്നു കോടി, കൊല്ലം-നീണ്ടകര-ആലപ്പാട്-അഴീക്കല്‍ മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനുമായി നബാര്‍ഡിന്റെ സഹായത്തോടെ 20 കോടി എന്നിവ പ്രഖ്യാപിച്ചതും ജില്ലയ്ക്ക് പ്രയോജയകരമാണ്.
കൊല്ലം പീരങ്കി മൈതാനത്ത് കല്ലുമാല സമരസ്ക്വയര് സ്ഥാപിക്കുന്നതിന് അഞ്ച് കോടി പ്രഖ്യാപിച്ചിരിക്കുന്നു. തങ്കശേരി മ്യൂസിയവും ഓഷ്യനേറിയവും സ്ഥാപിക്കുന്നതിന് 10 കോടിയാണ് ബജറ്റ് വിഹിതമായി വച്ചിട്ടുള്ളത്. തിരുമുല്ലവാരം ഉള്‍പ്പടെയുള്ള ടൂറിസം കേന്ദ്രങ്ങളെ അന്തര്‍ദേശീയ നിലവാരത്തില്‍ എത്തിക്കുന്നതിന് കഴിഞ്ഞ ബജറ്റില്‍ നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുണ്ടാകും. 50 കോടി ചെലവില്‍ സംസ്ഥാനത്ത് ഏഴ് ടൂറിസം ഇടനാഴികളുണ്ടാകുന്നതില് അഷ്ടമുടിയ്ക്ക് പ്രത്യേക സ്ഥാനം ഉണ്ടായത് ശ്രദ്ധേയമാണ്.
ദേശീയപാതയിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1144.22 കോടി അനുവദിച്ചിട്ടുള്ളതില്‍ കൊല്ലം ജില്ലയും ഉള്‍പ്പെടുന്നുണ്ട്. നഗരവികസനം, നഗരപുനരുജ്ജീവനം, സൗന്ദര്യവല്‍ക്കരണം എന്നിവയ്ക്കായി കോര്‍പറേഷനുകള്‍ക്ക് അനുവദിച്ചിട്ടുള്ള 300 കോടിയില്‍ കൊല്ലവും ഉള്‍പ്പെടുന്നുണ്ട്.
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കൃഷിയെ സംരക്ഷിക്കുന്നതിന് 50.85 കോടി രൂപ പ്രഖ്യാപിച്ചിട്ടുള്ളത് കിഴക്കന്‍ മേഖലയില്‍ നല്ലപദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിന് സഹായകമാകും.
1000 സംരംഭങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിന് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയില്‍ കൊല്ലം ജില്ലയ്ക്ക് മതിയായ വിഹിതമുണ്ടാകും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാരുടെയും സ്ത്രീകളുടെയും മറ്റ് വിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രത്യേകം പദ്ധതികളുമുണ്ട്. കാര്‍ഷിക മേഖലയില്‍ നെല്‍കൃഷി, പച്ചക്കറി കൃഷി, നാളീകേര കൃഷി, കാര്‍ഷിക കര്‍മ്മസേന തുടങ്ങിയ കാര്യങ്ങളില്‍ നടത്തിയിട്ടുള്ള പ്രഖ്യാപനങ്ങള്‍ ജില്ലയ്ക്ക് ആശ്വാസകരമാണ്. മണ്ണ് ജലസംരക്ഷണ പദ്ധതികളും ജില്ലയ്ക്ക് പ്രയോജനം ചെയ്യും. നാല് കോടി രൂപ ചെലവില്‍ പെറ്റ് ഫുഡ് ഫാക്ടറി സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലൊന്ന് കൊല്ലമാണ്. ഇത് മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തും.
ചെലവ് കുറഞ്ഞ നര്‍മ്മാണ മാര്‍ഗങ്ങളുപയോഗിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നിര്‍മിക്കുന്നതിനുള്ള 20 കോടിയില്‍ കൊട്ടാരക്കരയും ഉള്‍പ്പെടുന്നുണ്ട്.