ജനകീയ പങ്കാളിത്തത്തോടെ വികസനം സാധ്യമാകണം: നിയമസഭാ സ്പീക്കർ
1264590
Friday, February 3, 2023 11:39 PM IST
കൊല്ലം: പൊതുജന പങ്കാളിത്തത്തോടെ വികസനം സാധ്യമാകണമെന്ന് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ. പത്തനാപുരം മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിൽ രാഷ്ട്രീയമില്ല. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. സർക്കാർ കെട്ടിടങ്ങൾ ശുചിത്വത്തോടെ പരിപാലിക്കാൻ ഗുണഭോക്താക്കൾ ശ്രദ്ധിക്കണം. മലയോര മേഖലയിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ മാങ്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലൂടെ സാധിക്കും. ആശുപത്രിയുടെ പ്രവർത്തനം 24 മണിക്കൂറാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായും സ്പീക്കർ പറഞ്ഞു.
കെ.ബി ഗണേഷ് കുമാർ എംഎൽഎ അധ്യക്ഷനായി. മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ എക്സ്-റേ മെഷീൻ സ്ഥാപിക്കും. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ടർഫ് നിർമിക്കുമെന്നും എല്ലാവർക്കും സൗജന്യ കുടിവെള്ള കണക്ഷൻ നൽകുമെന്നും സ്പീക്കർ പറഞ്ഞു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.55 കോടി വിനിയോഗിച്ചായിരുന്നു കെട്ടിടനിർമാണം.
അത്യാധുനിക ലബോറട്ടറി, ഡിജിറ്റൽ എക്സ്-റേ യൂണിറ്റ്, മൈനർ ഓപ്പറേഷൻ തീയേറ്റർ, കോൺഫറൻസ് ഹാൾ, ഒപി രോഗികൾക്കായി വെയിറ്റിംഗ് ഏരിയ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, പിറവന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജയൻ, ജില്ലാ പഞ്ചായത്ത് അംഗം സുനിതാ രാജേഷ്, ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് എച്ച്. നജീബ് മുഹമ്മദ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷർ, വാർഡ് അംഗങ്ങൾ, രാഷ്ട്രീയകക്ഷി നേതാക്കൾ, എച്ച്എംസി കമ്മിറ്റി അംഗങ്ങൾ, ആരോഗ്യ, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.