കുടിശിക രണ്ടാഴ്ചയ്ക്കകം നൽകണം: മനുഷ്യാവകാശ കമ്മീഷൻ
1264029
Wednesday, February 1, 2023 10:52 PM IST
കൊല്ലം : ജലജീവൻ മിഷന്റെ ഭാഗമായി പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കോ - ഓർഡിനേറ്ററായി ജോലി ചെയ്തിരുന്നയാൾക്ക് അർഹതപ്പെട്ട വേതനം, കുടിശിക സഹിതം രണ്ടാഴ്ചക്കകം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വേതനം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. പവിത്രേശ്വരം സ്വദേശിനി പി.ജെ. സിന്ധുവിന് വേതനം നൽകാനാണ് ഉത്തരവ്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയത്.
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മിഷൻ ഡയറക്ടറും റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരിക്ക് വേതനം നിഷേധിച്ചതിനെ കുറിച്ച് യാതൊരു പരാമർശവും റിപ്പോർട്ടിലില്ലെന്ന് ഉത്തരവിൽ പറയുന്നു. തൊഴിൽ തർക്കത്തിൽ ഇടപെടാൻ കമ്മീഷന് അധികാരപരിമിതിയുണ്ടെങ്കിലും അർഹതപ്പെട്ട വേതനം നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.