കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്ക്
1262503
Friday, January 27, 2023 11:14 PM IST
പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. മാങ്കോട് കടശേരി റോഡിൽ ചെറപ്പാട് എന്ന സ്ഥലത്ത് വച്ച് ഒറ്റയാൻ പന്നി ആക്രമിക്കുകയായിരുന്നു. രാവിലെ എട്ടോടെയാണ് പന്നിയുടെ ആക്രമണം. കൈകാലുകൾക്കുൾപ്പെടെ ശരീരമാസകലം മാരകമായി ഷമീറിന് മുറിവേറ്റു. സുരേഷിനും മുറിവുകളുണ്ട്. വാഹനത്തിനും കേട് പാട് സംഭവിച്ചു. രണ്ട് പേരും പത്തനാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
കെട്ടിട നിർമാണ തൊഴിലാളികളാണ്. ഇരുചക്ര വാഹനത്തിൽ ജോലി സ്ഥലമായ കടശേരിയിലേക്ക് പോകും വഴിയാണ് ഒറ്റയാൻ പന്നിയുടെ ആക്രമണം ഉണ്ടായത്. പ്രദേശത്ത് പന്നിയുടെ ആക്രമണം ഭയന്ന് കുട്ടികൾ പോലും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. വനം വകുപ്പ് അധികൃതർ എത്തി തെളിവെടുപ്പ് നടത്തി. ആന, പന്നി, പുലി ഉൾപ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവഹാനി സംഭവിക്കുന്നവർക്കോ പരിക്കേൽക്കുന്നവർക്കോ വേണ്ടുന്ന സഹായങ്ങൾ നല്കുന്നില്ലെന്നാക്ഷേപവുമുണ്ട്.
പരിശീലന ക്ലാസുകൾ 30ന് തുടങ്ങും
കുണ്ടറ: ജില്ലാ പഞ്ചായത്തിന്റേയും പട്ടികജാതി വികസന വകുപ്പിന്റേയും നേതൃത്വത്തിൽ അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗത്തിലെ യുവതീ യുവാക്കൾക്ക് സൗജന്യമായി നൽകുന്ന പി എസ് സി പരീക്ഷ പരിശീലന നിബോധിത ക്ലാസുകൾ അക്കാദമിയിൽ 30ന് രാവിലെ പത്തിന് തുടങ്ങും. പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ നിബോധിത പദ്ധതി ഉദ്ഘാടനം ചെയ്യും. പ്രവേശനം നേടിയ വിദ്യാർഥികൾ രാവിലെ 9.30ന് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.