നഗരസഭയും കുടുംബശ്രീ ജില്ലാ മിഷനും മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു
1262227
Wednesday, January 25, 2023 11:27 PM IST
പുനലൂർ: നഗരസഭയും കൊല്ലം കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ഒപ്പം കാമ്പയിന്റെ ഭാഗമായി മെഗാ തൊഴിൽമേള സംഘടിപ്പിയ്ക്കും.
28 ന് രാവിലെ ഒന്പത് മുതൽ പുനലൂർ താലൂക്ക് സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഇൻസൈറ്റ് 2023 എന്ന പേരിലാണ് തൊഴിൽ മേള സംഘടിപ്പിയ്ക്കുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം, പ്രഫഷണൽ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകും . ഫിനാൻസ് , സെയിൽസ്, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, ഇൻഷ്വറൻസ് തുടങ്ങിയ മേഖലകളിൽ നിന്ന് നിരവധി ഒഴിവുകളിലായി 40 ൽ അധികം കമ്പനികൾ മേളയിൽ പങ്കെടുക്കും. തദ്ദേശീയമായി തൊഴിലവസരങ്ങൾ നൽകുന്ന വിവിധ കമ്പനികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
പുനലൂർ നഗരസഭ, അഞ്ചൽ, ചടയമംഗലം, പത്തനാപുരം, വെട്ടിക്കവല ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിയ്ക്കുന്നതാണെന്ന് നഗരസഭാ ആക്ടിംഗ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ അറിയിച്ചു. പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ മൂന്ന് സെറ്റ് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അന്നേ ദിവസം രാവിലെ ഒന്പതിന് താലൂക്ക് സമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എത്തിച്ചേരേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
ക്യു ആർ കോഡ് വഴിയുള്ള ഓൺലൈൻ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ദിനേശൻ, കൗൺസിലർ അനസ്, സിഡിഎസ് ചെയർപേഴ്സൺ സുശീല രാധാകൃഷ്ണൻ, സനൽ, സിജു, അജിത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.