ഓർക്കാസ് കഥകളി പുരസ്കാരം പ്രഖ്യാപിച്ചു
1261916
Tuesday, January 24, 2023 11:41 PM IST
കൊല്ലം: ഓച്ചിറ രാഘവൻ പിള്ള കഥകളി ആസ്വാദക സമിതിയുടെ (ഓർക്കാസ്) വാർഷികവും പുരസ്കാര സമർപ്പണവും 28 ന് വൈകുന്നേരം നാലിന് ഓച്ചിറ വലിയ കുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രം ടിഡിഎൻ ഹാളിൽ നടക്കും. കലാമണ്ഡലം മുൻ ചെയർമാൻ ഡോ.വി.ആർ. പ്രബോധചന്ദ്രൻ നായർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്.ഹിക്കും. ഡോ.എം.ജി. ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും.
കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള തോട്ടം ദിവാകരൻ നമ്പൂതിരി പുരസ്കാരം കൊട്ടാര ഗംഗയ്ക്കും, ക്ഷേത്ര കലകളിലെ മികവിനുള്ള ദേവനാദം പുരസ്കാരം കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാർക്കും , കഥകളിയിലെ മികച്ച യുവ കലാകാരനുള്ള കുവലയ പുരസ്കാരം കലാമണ്ഡലം പ്രശാന്ത് പന്മനയ്ക്കും, അരങ്ങിന് പിന്നിലെ മികവിനുള്ള അനന്ത പ്രദീപം പുരസ്കാരം ചുട്ടി കലാകാരൻ മുതുപിലാക്കാട് ചന്ദ്രശേഖര പിള്ളയ്ക്കും നൽകും .
തുടർന്ന് നളചരിതം ഒന്നാം ദിവസം കഥകളിയും ഉണ്ടായിരിക്കും. ഓർക്കാസിന്റെ 2023 പ്രവർത്തന വർഷം നളചരിതോത്സവമായി നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2023 - ലെ ആദ്യത്തെ നാല് അരങ്ങുകൾ നളചരിതം ഒന്നാം ദിവസം മുതൽ നളചരിതം നാലാം ദിവസം വരെ അവതരിപ്പിക്കപ്പെടുന്നതാണെന്നും ഓർക്കാസ് ഭാരവാഹികളായ കെ ബി രാധാകൃഷ്ണൻ (പ്രസിഡന്റ്) , സി.ആർ. പ്രഭ (വൈസ്പ്രസിഡന്റ്) പ്രഫ കൈപ്പുഴ നീലകണ്ഠൻ നമ്പൂതിരി (സെക്രട്ടറി) എം. ഹർഷൻ ( മുൻ ദേവസ്വം കമ്മീഷണർ) റ്റി ജെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (നിർവാഹക സമിതി അംഗം) എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.