മരച്ചീനിയ്ക്ക് വില കൂടി: മോഷണവും വർധിച്ചു
1244308
Tuesday, November 29, 2022 11:03 PM IST
കൊട്ടാരക്കര: മരച്ചീനിയ്ക്ക് വില വർധിച്ചതോടെ മോഷണവും പെരുകി. തൃക്കണ്ണമംഗൽ ചേരൂർ ഏലയിൽ ചേരൂർ സ്വദേശി അനിലിന്റെ 50 മൂട് ചീനിയാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്.
നേരത്തെ ചില ദിവസങ്ങളിൽ അഞ്ചും ആറും മൂടു വീതം മോഷണം പോയിരുന്നു. ഈ വർഷം 100 മൂട് ചീനി മോഷണ പോയതായി അനിൽ പറയുന്നു. പാവപ്പെട്ട കർഷകർ വളവും വേലക്കൂലിയും സ്വന്തം അധ്വാനവും വഴി നല്ലൊരു തുക ചെലവാക്കിയപ്പോൾ മോഷ്ടാക്കൾ അധ്വാനത്തിന്റെ ഫലം അപഹരിക്കുകയാണ്. മാർക്കറ്റിൽ ഇപ്പോൾ ഒരു കിലോ ചീനിക്ക് 60 രൂപയാണ് വില.
ഒരു മൂട് ചീനി നാലും അഞ്ചും കിലോ കാണും. ഫംഗസ് രോഗംമൂലം ഏലാകളിലെ ചീനികൾ വലിയ തോതിൽ നശിച്ചിരുന്നു. ഇതു മൂലം ചീനിയുടെ ലഭ്യത കുറയുകയും ഉള്ളവയ്ക്ക് വൻ വിലയാവുകയും ചെയ്തു. ഇതാണ് മോഷ്ടാക്കളെ ചീനിയിലേക്ക് ആകർഷിച്ചിട്ടുള്ളത്.
അമ്പലത്തിലെ പട്ടും പള്ളി കൊടികളും വിശ്വാസികൾ ഏലാകളിൽ കെട്ടിയിട്ടും കള്ളൻമാരിൽ നിന്നും രക്ഷയുമില്ല. കാമറ സ്ഥാപിക്കാനും രാതികാലങ്ങളിൽ ഉറങ്ങാതെ കാവൽ നിൽക്കാനും കർഷകന് കഴിയില്ല. പോലീസിൽ പരാതി കൊടുത്തിട്ടും കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്.