കൊട്ടാരക്കരയിൽ പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു
1226652
Saturday, October 1, 2022 11:15 PM IST
കൊട്ടാരക്കര: നഗരസഭയിൽ പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയുമായിട്ടാണ് കടിയേറ്റത്. ഒരേ തെരുവുനായ തന്നെയാണ് ഇത്രയും പേരെ കടിച്ചത്.
സ്ത്രീകളും വിദ്യാർഥികളും വയോധികരും കടിയേറ്റവരിൽ പെടും. മറ്റ് നിരവധി തെരുവുനായ്ക്കളെയും ഈ നായ കടിച്ചിട്ടുണ്ട്. കടിയേറ്റ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. മറ്റുള്ളവർ താലൂക്കാശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടി.
ആളുകളെ ഓടിച്ചിട്ടു കടിച്ച തെരുവ് നായയെ തെരച്ചലിനൊടുവിൽ നാട്ടുകാർ കണ്ടെത്തി. നായ പിടുത്ത വിദഗ്ധരെത്തി പിടികൂടി നഗരസഭയുടെ ഷെൽട്ടർ ഹോമിലേക്കുകു മാറ്റി. ഇതിന്റെ ശ്രവം പരിശോധനയ്ക്കയക്കുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.
നഗരത്തിലും നഗരാതിർത്തിയിലും തെരുവുനായ്ക്കൾ പെറ്റുപെരുകി കിടക്കുകയാണ്.നിരവധി അക്രമണങ്ങളുണ്ടായിട്ടുണ്ട്. തൃക്കണ്ണാമംഗലിലും കൊട്ടാരക്കരയിലും വെണ്ടാറിലും ഒട്ടനവധി പേർക്കാണ് കടിയേറ്റത്. വളർത്തുമൃഗങ്ങളെ കൂട്ടത്തോടെ ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. തെരുവുനായ്ക്കളെ ഭയന്ന് കുട്ടികളെ സ്കൂളുകളിലയയ്ക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്നു.
കൊട്ടാരക്കര ചന്തയും പരിസരങ്ങളും, കോളേജ് ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, ഗണപതി ക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, പടിഞ്ഞാറ്റിൻകര, മുസ്ലീം സ്ട്രീറ്റ്, ലോവർ കരിക്കം, കുന്നക്കര തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കൾ പ്രധാനമായും താവളമുറപ്പിച്ചിട്ടുള്ളത്.