മദ്യഷാപ്പ് സ്ഥാപിക്കുന്നതിനെതിരെ ജനപ്രതിനിധികൾ പരാതി നൽകി
1226363
Friday, September 30, 2022 11:14 PM IST
ഏരൂർ: ഏരൂർ ഗ്രാമ പഞ്ചായത്ത് ഭാരതീപുരം വാർഡിൽ പുതുതായി ആരംഭിക്കുന്ന മദ്യഷാപ്പിനെതിരേ വാർഡ് മെമ്പർ ഷീനാ കൊച്ചുമ്മച്ചനും ആക്ഷൻ കൗൺസിൽ ഭാരവാഹികളും പരാതി നൽകി.
കൊല്ലംഎക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, സ്ഥലം എംഎൽഎ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്. ഭാരതീപുരം ജംഗ്ഷന് സമീപത്തെ കെട്ടിടമാണ് മദ്യഷാപ്പിന്റെ പ്രവർത്തനത്തിനായ് കണ്ടെത്തിയിരിക്കുന്നത്. ഈ കെട്ടിടത്തിനോട് ചേർന്ന് ഇരുന്നൂറിൽപരം സ്ത്രീ തൊഴിലാളികൾ പണി എടുക്കുന്ന കശുവണ്ടി ഫാക്ടറി പ്രവർത്തിക്കുന്നുണ്ട്. ഇത് കൂടാതെ ഇരുന്നൂറ് മീറ്റർ അകലത്തിൽ നൂറ്റമ്പതിൽ പരം കുടുബംങ്ങൾ അധിവസിക്കുന്ന പട്ടികജാതി കോളനിയും ഉണ്ട്.
ഭാരതീപുരം-തുമ്പോട് പാതയുടെ വശത്തായ് ഇത്തരം ഒരു ഷാപ്പിന്റെ പ്രവർത്തനം ആരംഭിച്ചാൽ കാൽനട യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും മദ്യപ സംഘങ്ങളുടെ ആക്രമണം നേരിടേണ്ടിയും വരും. ഇത്തരത്തിൽ ജനവാസ മേഖലയിൽ ആരംഭിക്കാൻ ഒരുങ്ങുന്ന മദ്യഷാപ്പിന് പ്രവർത്തന അനുമതി നൽകരുതെന്ന് കാട്ടിയാണ് വാർഡ് അംഗം പരാതി നൽകിയിരിക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തെ ബാധിക്കും വിധം മദ്യഷാപ്പിന് അധികൃതർ പ്രവർത്തനാനുമതി നൽകിയാൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ആക്ഷൻ കൗൺസിൽ മുന്നറിയിപ്പ് നൽകി.