സന്തോഷിന് പരവൂരിന്റെ യാത്രാമൊഴി
1226359
Friday, September 30, 2022 11:14 PM IST
സ്വന്തം ലേഖകൻ
പരവൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്തെ നിത്യസാന്നിധ്യമായിരുന്ന പളുങ്ക് സന്തോഷിന് പരവൂർ പൗരാവലിയുടെ അന്ത്യോപചാരം. അകാലത്തിൽ മരണമടഞ്ഞ നാടിന്റെ പ്രിയപ്പെട്ടവനായ സന്തോഷിനെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് സ്റ്റേഷൻ പരിസരത്ത് എത്തിയത്.
സന്തോഷ് എന്നാണ് വിളിപ്പേരെങ്കിലും പളുങ്ക് എന്ന അമ്മയുടെ പേരിൽ നാടറിഞ്ഞിരുന്ന സന്തോഷിന് നഗര പൗരാവലി സ്നേഹ നിർഭരമായ അന്ത്യോപചാരമാണ് അർപ്പിച്ചത്.
മരണശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലായിരുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് പരവൂർ നഗരസഭയുടെ ആംബുലൻസിൽ റെയിൽവേസ്റ്റേഷൻ മൈതാനിയിലെത്തിച്ചത്.
അവിടെ മനുഷ്യ സ്നേഹത്തിന്റെ പ്രതീകമായ പത്തിലധികം സംഘടനകളുടെ നേതൃത്വത്തിൽ നാടിന്റെ പളുങ്കായിരുന്ന സന്തോഷിന്റെ ഭൗതിക ശരീരത്തിൽ റീത്തുകളും പൂമാലയും ചാർത്തി ആദരവ് കാട്ടി. റെയിൽവേ ജീവനക്കാരിൽ പലരും വിങ്ങിപ്പൊട്ടി. നിഷ്കളങ്കനും പരോപകാരിയുമായിരുന്നത് കൊണ്ടാകാം നുറുകണക്കിനാളുകൾ അവരുടെ എല്ലാ തിരക്കുകൾക്കും അവധി കൊടുത്ത് അനാഥനായിരുന്ന സന്തോഷിനെ കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
പരോപകാരിയായ സന്തോഷിന് കിട്ടിയ അന്ത്യോപചാരം പരവൂരിന് എന്നും ഓർക്കാൻ പുതിയൊരു മാതൃക കൂടിയായി. റെയിൽവേ സ്റ്റേഷന്റെ പ്രിയപ്പെട്ടവനായിരുന്ന സന്തോഷിന് ഒടുവിൽ അന്ത്യയാത്രയ്ക്ക് തുണയായതും റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ എസ്. ശ്രീലാലും നന്മയുടെ പ്രതീകമായ കുറേ യുവാക്കളും റെയിൽവേ സ്റ്റേഷൻ സ്റ്റാന്റിലെ കുറേ ഓട്ടോ ഡ്രൈവർമാരായ മനുഷ്യ സ്നേഹികളുമായതും വിധിയുടെ ലിഖിത കൽപ്പന പോലെയായി.
നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരും കൗൺസിലർമാരുമടക്കം അനേകർ നോക്കി നിൽക്കേ നാടിന്റെ പളുങ്കിനെയും വഹിച്ചു കൊണ്ടുള്ള ആംബുലൻസ് ഒരു ചെറുജീവിതത്തിന് തിരശീല താഴ്ത്തി സൈറൺ മുഴക്കി പോളയത്തോട് ശ്മശാനത്തിലേയ്ക്ക് യാത്രയായി അവസാന യാത്രയ്ക്കായി. അവിടെയും സന്തോഷിന്റെ അന്ത്യ യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ കൊല്ലത്തെ റെയിൽവേ ഉദ്യോഗസ്ഥരും ജീവനക്കാരും അടക്കം അനേകർ എത്തുകയുണ്ടായി.
സന്തോഷിന്റെ സഹോദരി അടക്കമുള്ള അടുത്ത ബന്ധുക്കളെ കണ്ടെത്താൻ നഗരസഭാ അധികൃതരും പോലീസും നടത്തിയ ശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തിയതുമില്ല. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന.