അകാലത്തിൽ വിട ചൊല്ലി സന്തോഷ്, ഉറ്റവരെ അന്വേഷിച്ച് നാട്ടുകാർ
1226043
Thursday, September 29, 2022 10:58 PM IST
സ്വന്തം ലേഖകൻ
പരവൂർ: പരവൂരിന്റെ ദത്ത് പുത്രൻ "പളുങ്ക്' എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന സന്തോഷ് (38) അകാലത്തിൽ യാത്രയായി. പ്രിയപ്പെട്ടവന്റെ ഉറ്റവരെ കണ്ടുപിടിക്കാനുള്ള തത്രപ്പാടിലാണ് ഒരു നാട് ഒന്നാകെ.
പരവൂർ റെയിൽവേ സ്റ്റേഷൻ ആയിരുന്നു സന്തോഷിന്റെ മേൽവിലാസം. ഊണും ഉറക്കവുമെല്ലാം സ്റ്റേഷൻ പരിസരത്തായിരുന്നു.
കഴിഞ്ഞ ദിവസം സന്ധ്യയോടെ പ്ലാറ്റ്ഫോമിൽ കിടന്ന് ഉറങ്ങിയ ഈ ചെറുപ്പക്കാരൻ പിന്നീട് ഉണർന്നില്ല. പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. വിയോഗ വാർത്ത പളുങ്കിനെ അറിയുന്നവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.
ഇപ്പോൾ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നതിന് സമീപം റെയിൽവേ പുറമ്പോക്കിലായിരുന്നു ബാല്യം മുതലേ താമസം. അച്ഛനും അമ്മയും മരിച്ചതോടെ സന്തോഷ് ഏകനായി.
പിന്നീട് പളുങ്കിന് താങ്ങും തണലും ആയത് നല്ലവരായ നാട്ടുകാരാണ്. റെയിൽവേ സ്റ്റേഷനിൽ ചുമടെടുപ്പും ലോട്ടറി കച്ചവടവും ആയിരുന്നു ഉപജീവന മാർഗം.
പരസഹായം എന്ന വാക്കിന്റെ പര്യായം ആയിരുന്നു സന്തോഷ്. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ ആരെയും സഹായിക്കുന്ന സ്വഭാവക്കാരനായിരുന്നു. റെയിൽവേ ജീവനക്കാർക്കും സന്തോഷ് സഹായിയും പ്രിയപ്പെട്ടവനുമായിരുന്നു. സത്യസന്ധതയായിരുന്നു മുഖമുദ്ര.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. ബന്ധുക്കളെ കണ്ടെത്താനുള്ള നഗരസഭാ അധികൃതരുടെയും പോലീസിന്റെയും ശ്രമങ്ങൾ ഇതുവരെയും ഫലം കണ്ടില്ല. എന്തെെങ്കിലും വിവരങ്ങൾ അറിയാവുന്നവർ വാർഡ് കൗൺസിലർ എസ്. ശ്രീലാലിനെ 98956 85708 എന്ന നമ്പരിൽ ബന്ധപ്പെടണം. ഉറ്റവർ ആരും എത്താത്ത സ്ഥിതിയ്ക്ക് കൊല്ലം പോളയത്തോട് പൊതുശ്മശാനത്തിൽ ഇന്ന് ഉച്ചയോടെ സംസ്കാരം നടത്തും.