ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; വീട് വളഞ്ഞ് പ്രതിയെ പിടികൂടി പോലീസ്
1225654
Wednesday, September 28, 2022 11:02 PM IST
പത്തനാപുരം: ജോലി മൈക്കാട് പണിയായിരുന്നെങ്കിലും പലരേയും കബളിപ്പിച്ച് തട്ടിപ്പിലൂടെ കൈക്കലാക്കിയത് കോടികള്‍. പത്തനാപുരം മാങ്കോട് സ്വദേശി അനീഷിന്റെതാണ് സിനിമാ കഥയെ വെല്ലുന്ന ജീവിതം. പോലീസിന്റെ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന കഥകള്‍ പുറംലോകമറിയുന്നത്.
ഡോക്ടാണെന്നും എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്നും പറഞ്ഞ് പലരുടേയും പക്കല്‍ നിന്നും ലക്ഷങ്ങളാണ് ഈ വിരുതന് കൈക്കലാക്കിയിട്ടുള്ളത്. വിലകൂടിയ കാറില്‍ അംഗരക്ഷകര്‍ക്കൊപ്പമാണ് വരവ്. പണം പിരിക്കാന്‍ കാമുകിയും ഭാര്യയുമാണ് ഇടനില നില്‍ക്കുന്നത്.
കൂടാതെ വിവിധ സ്ഥലങ്ങളിൽ വസ്തു നല്‍കാമെന്നും ബാങ്ക് ലോൺ തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞ് കബളിപ്പിക്കലിന് ഇരയായ നിരവധി പേരാണ് പത്തനാപുരം പോലീസില്‍ പരാതിയുമായി എത്തിയിരിക്കുന്നത്.
കൊല്ലം, പത്തനംതിട്ട , തിരുവനന്തപുരം,കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നായി നൂറ് കണക്കിന് ആളുകള്‍ പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ കുര്യോട്ടുമലയിലെ ഫാമിൽ തനിക്ക് ഭൂമി ഉണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്.
പത്തനാപുരം കമുകുംചേരിയിൽ വാടക വീട്ടിൽ കഴിഞ്ഞു വരുന്നതിനിടെയാണ് കബളിപ്പിക്കലിന് ഇരയായവരുടെ പരാതിയെ തുടർന്ന് പത്തനാപുരം സി ഐ ജയകൃഷ്ണന്റെ നേതൃത്വത്തിൽ അനീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.