മയ്യനാട് കൃഷിഭവന് ഉദ്യോഗസ്ഥര്‍ നെല്‍കൃഷിയിലേക്ക്
1225287
Tuesday, September 27, 2022 11:07 PM IST
കൊല്ലം: ഭക്ഷ്യസ്വയംപര്യാപ്തത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മയ്യനാട് ഉമയനല്ലൂര്‍ ഏലായില്‍ കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. ഉമയനല്ലൂര്‍ പാടശേഖരത്തില്‍ ഒരേക്കര്‍ പാടത്താണ് ഉദ്യോഗസ്ഥര്‍ കൃഷി തുടങ്ങിയത്.
കായംകുളം നെല്ല് ഗവേഷണകേന്ദ്രം വീയപുരത്തെ സംസ്ഥാന സീഡ് ഫാമം എന്നിവിടങ്ങളില്‍ നിന്നും ഉമ, ധനു എന്നീ വിത്തിനങ്ങളാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയായ "പൊലിവ്- നെല്‍കൃഷി വികസന പദ്ധതി' മുഖേന കര്‍ഷകര്‍ക്ക് സൗജന്യമായി നെല്‍വിത്തും ജൈവവളത്തിനും, കൃഷിചെലവിനും സബ്സിഡിയും നല്കുന്നു. പഞ്ചായത്തിലെ മറ്റ് ഏലാകളായ കാരിക്കുഴി, കുടിയിരുത്തുവയല്‍ എന്നിവിടങ്ങളിലും കൃഷി ആരംഭിച്ചിട്ടുണ്ട്.
നടീല്‍ ഉത്സവത്തിന്റെ ഉദ്ഘാടനം മയ്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ നിര്‍വഹിച്ചു. വാര്‍ഡ് അംഗം ഹലീമ അധ്യക്ഷയായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല, കൃഷി ഓഫീസര്‍ അനൂപ് ചന്ദ്രന്, ഇരവിപുരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എല്‍. പ്രീത തുടങ്ങിയവര്‍ പങ്കെടുത്തു.