പൊതുപ്രവര്‍ത്തകന്റെ ലക്ഷ്യം സമൂഹത്തിന്റെ നന്മയാകണം: എസ്. രാമചന്ദ്രന് പിള്ള
1225275
Tuesday, September 27, 2022 10:59 PM IST
പത്തനാപുരം: സമൂഹത്തില്‍ സമൂലമായ മാറ്റം വരുത്താന്‍ നല്ല പൊതുപ്രവര്‍ത്തനം കൊണ്ട് സാധിക്കുമെന്നും സമൂഹത്തിന്റെ പൊതുവായ നന്മയാകണം നല്ല പൊതുപ്രവര്‍ത്തകന്റെ ലക്ഷ്യമെന്നും മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പോളിറ്റ് ബ്യൂറോ അംഗവുമായ എസ്. രാമചന്ദ്രന് പിള്ള പറഞ്ഞു.
പത്രപ്രവര്‍ത്തകനും എംഎല്‍എയും പിഎസ്സി മെമ്പറുമൊക്കെയായിരുന്ന തെങ്ങമം ബാലകൃഷ്ണന്റെ സ്മരണയ്ക്കായി പത്തനാപുരം ഗാന്ധിഭവന് ഏര്‍പ്പെടുത്തിയ തെങ്ങമം ഫൗണ്ടേഷന് മാധ്യമ അവാര്‍ഡ് കെ.ആര്. അജയന് നല്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു അവാര്‍ഡ്.
സമൂഹത്തിന് വേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിച്ച മനുഷ്യസ്നേഹിയായിരുന്നു തെങ്ങമം ബാലകൃഷ്ണനെന്നും കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെയും ജനാധിപത്യ സംസ്കാരത്തെയും ഉയര്‍ത്തിപിടിക്കുന്നതില്‍ ഗാന്ധിഭവന് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നുവെന്നും എസ്. രാമചന്ദ്രൻ പിള്ള ആര്‍പി പറഞ്ഞു.
വനിതാ കമ്മീഷന് അംഗം ഡോ. ഷാഹിദാ കമാല്‍ അധ്യക്ഷയായ ചടങ്ങില്‍ കെഎസ്എഫ്ഇ ചെയര്മാന് കെ. വരദരാജന്, ഗാന്ധിഭവന് സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെമ്പറുമായ ഡോ. പുനലൂര്‍ സോമരാജന്, നൗഷാദ് യൂനുസ്, എന്‍. ജഗദീശന്, എം. മീരാപിള്ള, ബി. അജയകുമാര്‍, പി.എസ്. അമല്‍രാജ് എന്നിവര്‍ പ്രസംഗിച്ചു.