ചവറ: കൊറ്റൻകുളങ്ങര വാർഡ് ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎമ്മിലെ മാനേഴുത്ത് ഉണ്ണികൃഷ്ണൻ മത്സരിക്കും. കൊറ്റൻകുളങ്ങര വാർഡിൽ നിന്നും വിജയിച്ച പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആർഎസ്പിയിലെ എസ്. തുളസീധരൻ പിള്ള ചവറയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
21നാണ് ഉപതെരഞ്ഞെടുപ്പ്. 22 ന് ഫലപ്രഖ്യാപനവും നടക്കും. യുഡിഎഫ് സ്ഥാനാർത്ഥിയായി ആർ എസ് പി യിലെ അംബിക ദേവി മത്സരിക്കും. ബിജെപി സ്ഥാനാർഥിയായിട്ടില്ല. എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യപിച്ചതോടെ വാർഡിൽ എൽ ഡി എഫ് പ്രചരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. എൽഡിഎഫ് കൊറ്റൻകുളങ്ങര വാർഡ് ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ കൊറ്റൻകുളങ്ങരയിൽ സി പി ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. പി വരദരാജൻ അധ്യക്ഷനായി. കെ.സുരേഷ് ബാബു, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, ജില്ലാ സെക്രട്ടറിയേറ്റംഗം എം. ശിവശങ്കരപിള്ള, ജില്ലാ കമ്മിറ്റിയംഗം ജി. മുരളീധരൻ, ഏരിയാ സെക്രട്ടറി ആർ രവീന്ദ്രൻ, എൽഡിഎഫ് കൺവീനർ ഐ ഷിഹാബ്, സിപിഐ മണ്ഡലം സെക്രട്ടറി പി ബി രാജു, നേതാക്കളായ ആർ രാമചന്ദ്രൻ പിള്ള, കെ മോഹനക്കുട്ടൻ, പി. കെ. ഗോപാലകൃഷ്ണൻ, വി.മധു, ഇ. ജോൺ, റ്റി എ തങ്ങൾ, ജ്യോതിഷ് കുമാർ, ചവറ ഷാ, എൻ. വിക്രമകുറുപ്പ്, എം. അനൂപ്, ജെ. ജോയി, സി. രതീഷ്, സ്ഥാനാർഥി മാനേഴുത്ത് ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ രാവിലെ 11ന് എൽഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കും.