നീണ്ടകര : ചെറുമത്സ്യങ്ങളുമായി വന്ന വള്ളങ്ങൾ കസ്റ്റഡിയിൽ. നീണ്ടകര ഹാർബറിലും സമീപ കടവുകളിലുമായി നിയമാനുസരണം പിടിച്ചുകൊണ്ടുവരാൻ അനുമതി ഇല്ലാത്ത ലീഗൽ സൈസിൽ കുറഞ്ഞ അളവിലുള്ള അയല ഇനത്തിൽ പെട്ട ചെറുമൽത്സ്യങ്ങളെ പിടിച്ചുകൊണ്ടുവന്നു വില്പന നടത്താൻ ശ്രമിച്ച അഞ്ചു വള്ളങ്ങളാണ് മറൈൻ എൻഫോഴ്സ്മെന്റ് പോലീസും ഫിഷറീസ് അധികൃതരും ചേർന്ന് കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ രാവിലെ മുതൽ നീണ്ടകര ഹാർബറിലും സമീപകടവുകളിലും മറൈൻ എൻഫോഴ്സ്മെന്റ് പോലീസും ഫിഷറീസ് അധികൃതരും നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജെയിൻ, മറൈൻ എൻഫോഴ്സ്മെന്റ് സിഐ എസ്.എസ് ബൈജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വ്യാപകപരിശോധനയിൽ ആണ് അയല ഇനത്തിൽപെട്ട ചെറു മൽത്സ്യങ്ങളെ വിപണനം നടത്താൻ ശ്രമിച്ച മയിൽപീലി, വാസുദേവ്, ശ്രീഗണപതി, ഉണ്ണിക്കുട്ടൻ, മഹാലക്ഷ്മി എന്നീ വള്ളങ്ങളെയാണ് പിടികൂടിയത്.
പിടികൂടിയ വള്ളങ്ങളുടെ നിയമ നടപടികൾ സ്വീകരിക്കുന്നതിലേക്കു കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുഹൈറിനു കൈമാറി. ഡെപ്യൂട്ടി ഡയറക്ടർ നടപടികൾ പൂർത്തിയാക്കി ഈ വള്ളങ്ങൾക്ക് ഫൈൻ ഈടാക്കും .
വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ഇത്തരത്തിൽ ചെറു മൽത്സ്യങ്ങൾ പിടിച്ചുകൊണ്ടു വരുന്ന വള്ളങ്ങൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പടെയുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു .
പരിശോധനയിൽ നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ജെയിൻ, നീണ്ടകര മറൈൻ എൻഫോഴ്സ്മെന്റ് സിഐ. എസ്. എസ്. ബൈജു, എസ്ഐ. വിനു.വി, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിഷ്ണു. വി, സിവിൽ പോലീസ് ഓഫീസർ മനോജ്ലാൽ, നീണ്ടകര ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ കുമാർ, ജോയി, സുബ്രൻ, ഹരി, പ്രദീപ്, ലൈഫ് ഗാർഡുമാരായ റോയി, മാർട്ടിൻ എന്നിവർ പങ്കെടുത്തു.